ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും തീവ്രവാദ കേസില്‍ ദേശീയ ഏജൻസികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തില ഒളിവിൽ പോയതെന്നാണ് വിവരം.

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുക്കിയതോടെ പോപ്പുലര്‍ സംസ്ഥാന നേതാക്കൾ ഒളിവിൽ. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് ഒളിവിൽ പോയത്. ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസും തീവ്രവാദ കേസില്‍ ദേശീയ ഏജൻസികളും അന്വേഷണം തുടങ്ങിയ സാഹചര്യത്തില ഒളിവിൽ പോയതെന്നാണ് വിവരം. ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷിക്കുന്നത്. അതിനിടെ ഹർത്താൽ അക്രമത്തില്‍ പത്തനംതിട്ടയിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിലായി. താമരക്കുളം സ്വദേശി സനോജ് ആണ് പിടിയിലായത്. പന്തളത്ത് കെഎസ്ആര്‍ടിസി ബസിന്‍റെ ചില്ല് എറിഞ്ഞ് തകർത്ത കേസിലെ പ്രതിയാണ് ഇയാൾ. 

കേരളത്തിലെ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ റിപ്പോര്‍ട്ട് നല്‍കി. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താൻ ലക്ഷ്യമിട്ടെന്നും എന്‍ഐഎ വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകളിൽ ഇത് സംബന്ധിച്ച രേഖകൾ ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. എന്‍ഐഎ കസ്റ്റഡി അപേക്ഷയിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രതികള്‍ കോടതി വളപ്പില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചു. എൻ ഐ എ ആര്‍എസ്എസ് ചട്ടുകമാണ് എന്‍ഐഎയെന്നും പ്രതികൾ പറഞ്ഞു. ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡിയും ആരോപിച്ചിരുന്നു. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പിന്നാലെയാണ് എന്‍ഡിഎയുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്. 

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.