Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ഫ്രണ്ട് നിരോധനം; സംസ്ഥാനത്തെ ഓഫീസുകള്‍ പൊലീസ് അടച്ചുപൂട്ടുന്നു, നടപടി ഇന്നും തുടരും

എന്‍ഐഎയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്. 

popular front office shut down by police in kerala
Author
First Published Sep 30, 2022, 8:13 AM IST

കൊച്ചി: സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നും തുടരും. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പിഎഫ്ഐ ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് ആണ് പൊലീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്.

എന്‍ ഐ എയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്.  കഴിഞ്ഞ ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ പിഎഫ്ഐ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാസ്‍ കേരളത്തില്‍ തിടുക്കം വേണ്ടെന്നും നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പിഎഫ്ഐ ഓഫീസുകള്‍ പൊലീസ് അടച്ച് പൂട്ടാന്‍ ആരംഭിച്ചത്.

അതേ സമയം രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എന്‍ഐഎ കേരളത്തിൽ നിന്ന് അറസ്റ്റു ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ എൻഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലക്ഷർ ഇ തൊയ്ബ, ഐസിസ് പോലയുള്ള ഭീകരസംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 

അതേസമയം രോധനത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന് എതിരെ നടപടികൾ തുടങ്ങി. കേരളത്തിനും മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും പുറമെ ഉത്തരാഖണ്ഡും പിഎഫ്ഐയെ നിരോധിച്ച് വിജ്ഞാപനം ഇറക്കി. പല സംസ്ഥാനങ്ങളിലും പരിശോധനകളും അറസ്റ്റും തുടരുകയാണ്. 

Read More :  സംസ്ഥാനത്ത് എൻഐഎ അറസ്റ്റ് ചെയ്ത 11 പിഎഫ്ഐ പ്രവർത്തകരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

Follow Us:
Download App:
  • android
  • ios