Asianet News MalayalamAsianet News Malayalam

കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ചെറിയ ഓക്സിജൻ സിലിണ്ടറുകൾ കേരളത്തിലും, ഭാരം 150 ​ഗ്രാം മാത്രം

ശരീരത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞ് പ്രതിസന്ധി നേരിടുന്നവർക്ക് അടിയന്തിരമായി പ്രാഥമിക ചികിത്സ നൽകാൻ സാധിക്കും. രണ്ടുവർഷം വരെ ഓക്സിജന്റെ ഗുണമേൻമ നഷ്ടപ്പെടാതെയിരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു

portable oxygen cylinder in kerala
Author
Palakkad, First Published May 26, 2021, 5:21 PM IST

പാലക്കാട്: ശ്വാസതടസമുളള രോഗികൾക്ക് പ്രാഥമിക ചികിത്സക്കായി കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ചെറിയ ഓക്സിജൻ സിലിണ്ടറുകളുടെ വില്പന കേരളത്തിലും. പാലക്കാട് മുതലമടയിലെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്കാണ് ഓക്സിജൻ സിലിണ്ടറുകളുടെ വിതരണ ചുമതല.

കൊവിഡ് കാലത്ത് മെഡിക്കൽ ഓക്സിജൻ പ്രാധാന്യം കൂടിയ സാഹചര്യത്തിലാണ് കയ്യിൽ കൊണ്ടു നടക്കാൻ കഴിയുന്ന ഓക്സിജൻ സിലിണ്ടർ കേരളത്തിലും വിപണിയിലെത്തിയത്. 10 ലിറ്റർ ഓക്‌സിജൻ അടങ്ങിയ ഒരു സിലിണ്ടറിന്റെ ഭാരം 150 ഗ്രാം മാത്രമാണ്. ഒരു സിലിണ്ടർ ഉപയോഗിച്ച് 225 തവണ ശ്വാസം സ്വീകരിക്കാൻ കഴിയുമെന്ന് വിതരണക്കാർ അവകാശപ്പെടുന്നു. 

ശരീരത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞ് പ്രതിസന്ധി നേരിടുന്നവർക്ക് അടിയന്തിരമായി പ്രാഥമിക ചികിത്സ നൽകാൻ സാധിക്കും. രണ്ടുവർഷം വരെ ഓക്സിജന്റെ ഗുണമേൻമ നഷ്ടപ്പെടാതെയിരിക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു. കൊല്ലത്തെ സ്വകാര്യ സംരംഭകരുടെ ഉദ്യമമായ ഓക്സി സെക്യൂ ബൂസ്റ്റർ എന്ന ഉത്പന്നം പാലക്കാട്ടെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ കമ്പനി ആണ് വിപണിയിലിറക്കുന്നത്.

കേരളത്തിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് വിതരണക്കാർ പറയുന്നത്. അതേസമയം കൊവിഡ് മുക്ത രോഗികൾക്ക് ശാശ്വതമായ പരിഹാരമല്ല ഇത്തരം സിലിണ്ടറുകളെന്നും ഓക്സിജൻ കോൺസൻട്രേറ്റുകളാണ് വേണ്ടതെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios