ആലപ്പുഴ:  ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.  സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി , എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജോമോൻ , സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും  പുറത്താക്കിയത്.

പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചു. ഇതേ തുടർന്നാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം. കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ ഈ കേസിൽ നേരത്തേ പുറത്താക്കിയിരുന്നു.

എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എംഎൽഎ അടക്കം പൊലീസ് മർദ്ദിച്ചതിനെ  കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്. എൽദോ എംഎൽഎയ്ക്ക് അടക്കം മർദ്ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് കാനത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.