Asianet News MalayalamAsianet News Malayalam

പോസ്റ്റർ പ്രതിഷേധം ശരിയല്ല; എല്ലാം നല്ല രീതിയിൽ തീരുമെന്നാണ് പ്രത്യാശയെന്നും രമേശ് ചെന്നിത്തല

എല്ലാം നല്ല രീതിയിൽ തീരുമെന്നാണ് പ്രത്യാശ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

poster protest is not right  hope everything goes well said ramesh chennithala
Author
Thiruvananthapuram, First Published Aug 28, 2021, 8:23 PM IST

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ചുള്ള പോസ്റ്റർ പ്രതിഷേധം ശരിയല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 
എല്ലാം നല്ല രീതിയിൽ തീരുമെന്നാണ് പ്രത്യാശ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗ‌ണിക്കപ്പെടുന്നവരുടെ പട്ടികയിലുള്ള പാലോട് രവിക്കെതിരെ ഇന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഡിസിസി ഓഫീസിനു മുന്നിൽ ആണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. രവി ബിജെപി അനുഭാവി ആണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥികളെ തോൽപ്പിച്ചതാണോ പാലോട് രവിയുടെ യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്. 

പാലോട് രവിക്കെതിരെ നെടുമങ്ങാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് പരസ്യമായി രം​ഗത്തെത്തിയിരുന്നു. തന്നെ കാലുവാരി തോൽപിച്ചത് പാലോട് രവിയാണെന്ന് പ്രശാന്ത് ആരോപിക്കുകയും ചെയ്തു. കോൺ​ഗ്രസ് തോൽവി പഠിക്കാൻ നിയോ​ഗിച്ച കമ്മീഷന് മുന്നിലും പ്രശാന്ത് പാലോട് രവിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. 

അതിനിടെ, ഉമ്മൻചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് ഡിസിസി അധ്യക്ഷ പട്ടികയെച്ചൊല്ലി എ ഗ്രൂപ്പിൽ കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഫിൽസൺ മാത്യൂസിന്‍റെ പേര് ഉമ്മൻചാണ്ടി ഏകപക്ഷീയമായി നി‍ദ്ദേശിച്ചതാണ് ഗ്രൂപ്പിനുള്ളിൽ എതിർപ്പിന് കാരണമായിരിക്കുന്നത്. എന്നാൽ സുധാകരനും സതീശനും ചേർന്ന് സമ്മർദ്ദത്തിലാക്കിയെന്നാണ് ഉമ്മൻചാണ്ടി അനുകൂലികളുടെ പക്ഷം

എ ഗ്രൂപ്പുകാരൻ തന്നെയായ നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതും സുരേഷിന് അനുകൂലമെന്നാണ് കരുതിയിരുന്നത്. ഒരു ജില്ലയിൽ മാത്രമായി ഉമ്മൻചാണ്ടി പേര് നിർദ്ദേശിക്കില്ലെന്ന എ ഗ്രൂപ്പ് നിലപാടും സുരേഷിന്‍റെ സാധ്യത കൂട്ടിയിരുന്നു. എന്നാൽ അവസാന നിമിഷം കോട്ടയത്ത് ക്രിസ്ത്യൻ സമുദായംഗം വേണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തു. ഉമ്മൻചാണ്ടി ഫിൽസൺ മാത്യൂസിന്‍റെ പേര് നിർദ്ദേശിക്കുകയും ചെയ്തു. യാക്കോബായംഗമായ ഫിൽസണെ കൊണ്ടുവരുന്നത് പുതുപള്ളിയിൽ ചാണ്ടി ഉമ്മന്‍റെ സീറ്റും ജയവും ഉറപ്പിക്കാനെന്നാണ് ഗ്രൂപ്പിനുള്ളിലെ ആക്ഷേപം. എ ഗ്രൂപ്പിലെ പല മുതിർന്ന നേതാക്കൾക്കും ഈ നീക്കത്തോട് എതിർപ്പുണ്ട്.  അതേസമയം കെപിസിസി നേതൃത്വത്തിന്‍റെ തന്ത്രത്തിൽ ഉമ്മൻചാണ്ടി വീണെന്നും വിലയിരുത്തലുണ്ട്. കോട്ടയത്ത് ഗ്രൂപ്പിലെ നിരവധിപേരുകൾ സാധ്യതാപട്ടികയിൽ എത്തിയത് ഉമ്മൻചാണ്ടിയെ സമ്മർദ്ദത്തിലാക്കി. ഇത് ഗ്രൂപ്പിനുള്ളിലും ചേരിതിരിവിന് കാരണമായി. ഇതോടെ ഒരു പേര് നിർദ്ദേശിക്കാൻ ഉമ്മൻചാണ്ടി നിർബന്ധിതനായെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ പക്ഷം.  എ ഗ്രൂപ്പിന്‍റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഈ പടലപ്പിണക്കങ്ങൾ ഏത് സമവാക്യരൂപീകരണത്തിലേക്ക് നയിക്കുമെന്നാണ് ഇനി അറിയേണ്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

Follow Us:
Download App:
  • android
  • ios