Asianet News MalayalamAsianet News Malayalam

ഡിസിസി പ്രസിഡന്റ് നോമിനേഷൻ: ശശി തരൂരിനെതിരെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്

posters against Shashi Tharoor at DCC office wall in Trivandrum
Author
Thiruvananthapuram, First Published Aug 23, 2021, 8:13 AM IST

തിരുവനന്തപുരം: എംപിയും മുതിർന്ന നേതാവുമായ ശശി തരൂരിന് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് നടപടി. തന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം.

'രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാതെ, മണ്ഡലത്തിൽ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?' - എന്നാണ് ഒരു പോസ്റ്റർ. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റർ. തരൂരേ നിങ്ങൾ പിസി ചാക്കോയുടെ പിൻഗാമിയാണോയെന്നും വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂർ ഏറ്റെടുത്തോയെന്നുമെല്ലാം പോസ്റ്ററുകളിൽ ചോദ്യമുണ്ട്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും കൂടിയാലോചന നടത്തുന്നത്. ഇതിന് ശേഷം ഇന്ന് തന്നെ ദില്ലിക്ക് പോകും.

തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിൻറെ നോമിനി ജിഎസ് ബാബു, കെഎസ് ശബരീനാഥൻ, ആർവി രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്. കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എംഎം നസീർ, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോൻ ഐക്കര, യൂജിൻ തോമസ്, മലപ്പുറത്ത് വിഎസ് ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണുള്ളത്. ഈ നാല് ജില്ലകളിലെ പേരുകളിൽ നിന്ന് ഒറ്റപ്പേരിലേക്ക് എത്തുമ്പോൾ മറ്റ് ജില്ലകളിലെ പേരുകളിലും മാറ്റം വരാം. സാമുദായിക പരിഗണന കൂടി ഇക്കാര്യത്തിൽ പരിഗണിക്കുമെന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios