കാഠ്മണ്ഡു: നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. പോസ്റ്റ്മോർട്ടം നടപടി തുടങ്ങിയെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരൻ അറിയിച്ചു. നടപടികൾ വേഗത്തിലാക്കാൻ എംബസി ഉദ്യോഗസ്ഥർ ടീച്ചിംഗ് ആശുപത്രിയുമായി നിരന്തരം സമ്പർക്കത്തിലാണെന്നും വി മുരളീധരൻ അറിയിച്ചു. സംഘത്തിലുണ്ടായിരുന്നു മലയാളികളിൽ ചിലർ ഇന്ന് നാട്ടിലേക്ക് മടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.

നേപ്പാളിൽ മരിച്ച നാല് കുട്ടികളടക്കം എട്ട് മലയാളികളുടെ മൃതദേഹങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ തുടങ്ങിയെന്നാണ് കാഠ്മണ്ഡു പൊലീസ് വ്യക്തമാക്കുന്നത്.

കാഠ്മണ്ഡുവിൽ നിന്ന‌് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ ഇന്നലെ മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും  കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാൽ രക്ഷപ്പെട്ടു. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ടിൽ മുറിയെടുത്തത്.  ഇതിൽ എട്ടുപേര്‍ ഒരു സ്വീട്ട് റൂമിൽ തങ്ങുകായിരുന്നു. കടുത്ത തണുപ്പായതിനാൽ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്.  ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനുമുമ്പേ എട്ടുപേരും മരിച്ചിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസം മുട്ടിയാണ് എട്ടുപേരും മരിച്ചതെന്നാണ് വ്യക്തമാകുന്നത്.