കോട്ടയം: അയർക്കുന്നത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും കഴുത്തിലും ചെറിയ പരിക്കുകളുണ്ട്. കിണറിൽ വീണപ്പോൾ ഉണ്ടായ പരിക്കാവാം ഇതെന്നും വൈദികന്റെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു

ഇന്നലെ കാണാതായ പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാദർ ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പള്ളി വളപ്പിലെ കിണറ്റിലാണ് വൈദികന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദികനെ കാണാതായത്. ഇന്നലെ തന്നെ പൊലീസും നാട്ടുകാരും വൈദികനെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലും, മുറി തുറന്നിട്ട നിലയിലുമായിരുന്നു. ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളിയിൽ ആറ് മാസം മുമ്പാണ് ഫാദർ ജോർജ് എട്ടുപറയൽ ചുമതലയേറ്റെടുത്തത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.