തിരുവനന്തപുരം: വിതുരയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ പിടിയാനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആനയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ആന ചരിയാൻ കാരണമെന്നാണ് അനുമാനം. 

നാൽപ്പത് വയസ് പ്രായമുള്ള പിടിയാനയാണ് വിതുരയിൽ ചരിഞ്ഞത്. അമ്മയുടെ സമീപത്ത് നിന്ന് മാറാതെ നിന്ന 9 മാസം പ്രായമുള്ള കുട്ടിയാന വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ സമീപത്ത് നിന്ന് മാറ്റിയത്. കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. 

ഇന്ന് രാവിലെയാണ് കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജീവൻ നഷ്ടമായിട്ടും അമ്മയെ വിട്ടു പോകാൻ തയ്യാറാവാതിരുന്ന കുട്ടിയാന തൊട്ടും തലോടിയും മണിക്കൂറുകളോളം ഒപ്പം നിന്നു. പത്ത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മാറ്റാനായത്.

കുട്ടിയാനയെ കാട്ടിലേക്ക് കയറ്റി വിടുന്നത് അപകടകരമാണെന്നതിനാലുമാണ് ആനയെ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.