ചാലക്കുടി പോട്ടയിൽ ഗിരീഷ്-കാര്‍ത്തിക ദമ്പതികളും മകൻ ദേവർഷുവും ഒരുമിച്ച് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. നർത്തകിയായ ഭാര്യയും അക്കൗണ്ടൻ്റായ ഭർത്താവും മകനും ചേർന്നൊരുക്കുന്ന ഈ താളവിരുന്നിന് പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രമാണ് വേദിയാകുന്നത്.
തൃശൂർ: ചാലക്കുടി പോട്ടയിലെ പിഷാരം വീട്ടിൽ എന്നും നൃത്തത്തിൻ്റെയും മേളത്തിൻ്റെയും താളമാണ്. ഭാര്യയും ഭർത്താവും മകനും ചേർന്ന് ഇന്ന് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിക്കുന്ന, വാദ്യരംഗത്തെ അപൂർവ മുഹൂർത്തത്തിനാണ് പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം ഇന്ന് വേദിയാകുന്നത്. പോട്ട പിഷാരം വീട്ടിലെ ഗിരീഷ്-കാര്‍ത്തിക ദമ്പതികളും മകന്‍ ദേവർഷുമാണ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റത്തിനായി ഒരുങ്ങുന്നത്. നർത്തകി കൂടിയായ ഭാര്യ കാർത്തികയും അക്കൗണ്ടൻ്റായ ഭർത്താവും ആറാം ക്ലാസുകാരനായ മകനും ഒരുമിച്ച് പഞ്ചാരിമേളം കൊട്ടിയേറുമ്പോൾ അത് കുടുംബത്തിൻ്റെ താളമായി മാറും.
യാഥാര്‍ഥ്യമാകുന്ന സ്വപ്നം; മകനാണ് കേമൻ’
അലുമിനിയം ഫാബ്രിക്കേറ്റ് കമ്പനിയിൽ അക്കൗണ്ടൻ്റായി ജോലി നോക്കുമ്പോഴും ഗിരീഷിൻ്റെ മനസ്സിലും വിരലുകളിലും എന്നും പഞ്ചാരിയുടെ താളം ഉണ്ടായിരുന്നു. പാമ്പാമ്പോട്ട് ക്ഷേത്രത്തിലെ കഴകക്കാരൻ കൂടിയായ ഗിരീഷ് മുമ്പ് രണ്ടുവട്ടം മേളം പഠിക്കാൻ ശ്രമിച്ചെങ്കിലും അത് ഇടയ്ക്ക് വെച്ച് നിലച്ചുപോയിരുന്നു. എന്നാൽ ഇത്തവണ മേളം പഠിക്കാൻ ചേർന്നപ്പോൾ ആ മോഹമാണ് പൂർത്തീകരിക്കുന്നത്. ഗിരീഷിനൊപ്പം ഭാര്യയും മകനും ചേർന്നതോടെ പരിശീലനം കുടുംബത്തിൻ്റെ കൂട്ടായ്മയായി മാറി. ഭാര്യ കാർത്തിക നല്ലൊരു നർത്തകി കൂടിയാണ്. ആരാണ് നന്നായി ചെണ്ട കൊട്ടുക എന്ന് ചോദിച്ചാൽ അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറയുന്നത് മകൻ ദേവർഷിൻ്റെ പേരാണ്. കുട്ടികൾക്ക് ചെണ്ടയിൽ പെട്ടെന്ന് കൈ വഴങ്ങുമെന്നാണ് അവരുടെ അനുഭവം.
അരങ്ങേറ്റത്തിന് ഇനിയുമേറെ കുടുംബ കൂട്ടായ്മകൾ
വൈകീട്ട് 5ന് പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കിയ 28 അംഗ സംഘം അരങ്ങേറ്റം കുറിക്കുന്നത്. കൊടകര ഉണ്ണിയാണ് ഈ സംഘത്തിൻ്റെ പരിശീലകൻ. നാല് വയസ്സുകാരന്‍ മുതല്‍ 65 വയസ്സുകാരന്‍ വരെ അരങ്ങേറ്റസംഘത്തിൽ അണിനിരക്കും. ഗിരീഷിൻ്റെ കുടുംബത്തെ കൂടാതെ, അച്ഛനും മകളും, അച്ഛനും മകനും, സഹോദരങ്ങളും, ഇരട്ട സഹോദരങ്ങളും ഇവര്‍ക്കൊപ്പം അരങ്ങേറ്റം കുറിക്കുന്നുണ്ട് എന്നതാണ് ഈ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത.

പാഞ്ചാരിയിലെ കുടുംബ മേളം
ഈ അരങ്ങേറ്റത്തിന് നിരവധി പ്രത്യേകതകളാണുള്ളത്. മുല്ലശ്ശേരി വീട്ടില്‍ വിനീഷിനൊപ്പം മകള്‍ ഗൗരി പഞ്ചാരിമേളത്തിൽ കൊട്ടിക്കയറുമ്പോൾ, ചമ്പക്കര വീട്ടില്‍ പ്രമോദിന്റെ മക്കളായ ശ്വേതയും മഹേശ്വരും ഒരുമിച്ചാണ് താളം പൂർത്തിയാക്കുന്നത്. ഉപ്പത്ത് വീട്ടില്‍ മുരളീധരനൊപ്പം മകന്‍ നീരജും അരങ്ങേറ്റം കുറിക്കാൻ ചേരുന്നുണ്ട്. കൂടാതെ, പോട്ടയിലെ പിഷാരത്തിൽ രാധാകൃഷ്ണന്റെ മകളായ ലക്ഷ്മിക്കൊപ്പം അനുജത്തി കൃഷ്ണയും അണിനിരക്കുന്നുണ്ട്. പോട്ട മഠത്തില്‍ രാഗേഷിൻ്റെ ഇരട്ടക്കുട്ടികളായ ശ്രീനിധി, ശ്രീനിവേധ് എന്നിവരും ഈ പ്രത്യേക അരങ്ങേറ്റ സംഘത്തിലെ അംഗങ്ങളാണ്.


