ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വയനാട്: പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയതിന്റെ ഭീതിയിൽ നിന്ന് മുക്തരാകാതെ 3 വിദ്യാർത്ഥികൾ. തലനാരിഴയ്ക്കാണ് റിഹാൻ, റിസ്വാൻ, സാബിർ എന്നീ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

'സാധാരണ ഞങ്ങൾ എട്ട് മണിക്കാണ് ബന്ധുവീട്ടിലേക്ക് പോകുന്നത്. ഇന്നലെ കുറച്ച് ലേറ്റായി. സ്കൂളിന്റെ വളവ് കഴിഞ്ഞപ്പോഴാണ് ആനയെ കാണുന്നത്. വണ്ടിയിട്ട് ഓടുന്നതിനിടയ്ക്ക് ചെരിപ്പ് തെന്നി ആനയുടെ മുന്നിലേക്ക് വീണു. ആനയെന്റെ തൊട്ടുപിന്നിലുണ്ട്. എന്നെ ചവിട്ടീന്നാണ് വിചാരിച്ചത്. എഴുന്നേറ്റ് ഓടുന്നതിനിടയ്ക്ക് തുമ്പിക്കൈ വെച്ചെന്നെ ബ്ലോക്കാക്കി. തുമ്പിക്കെ വിട്ടപ്പോ കസിന്റെ വീട്ടിലേക്ക് ഓടിക്കയറി.' നേരിട്ട അനുഭവത്തെക്കുറിച്ച് കുട്ടികളിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

വയനാട്ടിലെ വിവിധ ഭാ​ഗങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. മഴക്കാലമായതോടെ വന്യജീവികൾ ജനവാസ മേഖലയിലെത്തുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ആനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെടുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥികളുടെ വീടിനടുത്ത് വരെ കാട്ടാന ഓടിച്ചു.