ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ടെന്ന് എംഎൽഎ. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെയെന്നും എംഎൽഎ

ആലപ്പുഴ: ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചിട്ടില്ലെന്നും മനസ്സിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും പിപി ചിത്തരഞ്ചൻ എംഎൽഎ. ഭിന്നശേഷിക്കാർക്ക് വേണ്ടി കഴിയുന്നത്ര സഹായിച്ചിട്ടുണ്ട്. ചിന്തിക്കാത്ത കാര്യത്തെയാണ് മറ്റൊരു രീതിയിൽ പ്രചരിപ്പിക്കുന്നത്. മാപ്പ് പറയുന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. തെറ്റ്‌ ചെയ്തെങ്കിൽ മാപ്പ് പറഞ്ഞാൽ പോരെ. ഭിന്നശേഷി വിഭാഗം തന്നെ തെറ്റിദ്ധരിക്കില്ലെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു.

അവർക്ക് തന്റെ പൊതുജീവിതം നന്നായി അറിയാം. ഭിന്നശേഷി വിഭാഗത്തെ ചേർത്തു നിർത്തുകയാണ്. പരാമർശത്തിൽ സഭയ്ക്കുള്ളിൽ പ്രശ്നമില്ല. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പിപി ചിത്തരഞ്ചൻ പറഞ്ഞു. രണ്ടു കയ്യുമില്ലാത്തയാളുടെ ചന്തിയിൽ ഉറുമ്പ് കേറിയാലുണ്ടാവുന്ന അവസ്ഥയിലാണ് പ്രതിപക്ഷം നിൽക്കുന്നതെന്നായിരുന്നു എംഎൽഎയുടെ വിവാദപരാമർശം. ഇതിന് പിന്നാലെ പരാമർശം ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുന്നതാണെന്നുള്ള വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിവാദപരാമർശം നടത്തിയിരുന്നു.

വിദശീകരിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ നടത്തിയ എട്ടുമുക്കാലട്ടി എന്ന പ്രയോഗത്തെ കുറിച്ച് മുഖ്യമന്ത്രി വിദശീകരിച്ചിരുന്നു. എട്ടുമുക്കാലട്ടിയെന്നത് നാടൻപ്രയോഗമാണ്. പ്രതിഷേധത്തനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞത്. ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്. നജീബ് കാന്തപുരം നല്ല ആരോഗ്യമുള്ള ആള്‍ അല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വർണപ്പാളി വിവാദത്തിൽ ആർക്ക് വീഴ്ചയുണ്ടായെങ്കിലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ കോടതിയുടെ നിലപാട് തന്നെയാണ് സർക്കാരിനും ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഗൂഢാലോചനയാണ് നടക്കുന്നത്. പോറ്റിയുടെ വെളിപ്പെടുത്തൽ അതിന്‍റെ ഭാഗമാണ്. അന്വേഷണം ശരിയായി നടക്കട്ടെ. പുറത്ത് നിന്നുള്ളതടക്കം ഇടപെടലുകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ദില്ലിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. 

YouTube video player