കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പി.പി.ദിവ്യയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. കഴിഞ്ഞ കൗൺസിലിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ദിവ്യ പ്രവർത്തിച്ചിരുന്നു. കല്ല്യാശ്ശേരി ഡിവിഷനിൽ നിന്നുമാണ് ഇക്കുറി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. പന്ന്യന്നൂർ ഡിവിഷനിൽ നിന്നും വിജയിച്ച മുതിർന്ന സിപിഎം നേതാവ് ഇ.വിജയനെയാണ് പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. 

സിപിഎം ജില്ലാ കമ്മിറ്റി അം​ഗം, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അം​ഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി.പി.ദിവ്യ കണ്ണൂർ സർവ്വകലാശാലയുടെ മുൻ വൈസ് ചെയർമാൻ കൂടിയാണ്. 24 അം​ഗ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 16ഉം യുഡിഎഫ് ഏഴും സീറ്റുകളിലാണ് ജയിച്ചത്. 

യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത നിര്യാണത്തെ തുടർന്ന് തില്ലങ്കേരി ഡിവിഷനിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് ഇവിടെ എൽഡിഎഫ് സ്ഥാനാ‍ർത്ഥി. പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബിനോയ് കുര്യനെയാണ് ജില്ലാ നേതൃത്വം പരി​ഗണിച്ചത്. ഇതിനായി ഇദ്ദേഹം ഏരിയ കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. നീട്ടിവച്ച തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇ.വിജയന് പകരം ബിനോയ് കുര്യൻ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി വരാൻ സാധ്യതയുണ്ട്.