ശബരിമല വിഷയം ബിജെപിക്ക് മുന്നില്‍ തുറന്നിട്ട സാധ്യതകള്‍ മുതലക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നായിരുന്നു മുകുന്ദന്‍റെ പ്രധാന വിമര്‍ശനം.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരവുനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകന്ദന്‍ പിന്മാറുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തില്‍ തിരിച്ചെത്തിയ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവും എന്ന് ഉറപ്പായതോടെയാണ് പരസ്യപ്രതിഷേധങ്ങളില്‍ നിന്നും പിപി മുകുന്ദന്‍ പിന്നോട്ട് വലിയുന്നത്. 

മത്സരിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്നും ആര്‍എസ്എസ് നിര്‍ദേശം കൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥിത്വം ഉപേക്ഷിക്കുന്നതെന്നും പിപി മുകുന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല പ്രശ്നം മുതലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് ബിജെപി ഏറ്റവും പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം സീറ്റില്‍ മുതിര്‍ന്ന ബിജെപി നേതാവായ പിപി മുകുന്ദന്‍ മത്സിരക്കാന്‍ തീരുമാനിച്ചത്.

ശബരിമല വിഷയം ബിജെപിക്ക് മുന്നില്‍ തുറന്നിട്ട സാധ്യതകള്‍ മുതലക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്നായിരുന്നു മുകുന്ദന്‍റെ പ്രധാന വിമര്‍ശനം. തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കാനുള്ള തന്‍റെ തീരുമാനത്തിന് ശിവസേന അടക്കമുള്ള സംഘടനകള്‍പിന്തുണയുമായി വന്നിട്ടുണ്ടെന്നും നേരത്തെ മുകുന്ദന്‍ പറഞ്ഞിരുന്നു. 

പാര്‍ട്ടി നേതൃത്വവുമായും ആര്‍എസ്എസുമായും കലഹിച്ചു പുറത്തുപോയ മുകുന്ദനെ കുമ്മനം സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വന്നിരുന്നു. എന്നാല്‍ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലുള്ള മടുപ്പ് കാരണം മുകുന്ദന്‍ വീണ്ടും വിമതനായി മാറാനൊരുങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് കുമ്മനം രാജശേഖരന്‍ ബിജെപിയിലേക്ക് മടങ്ങിയെത്തിയത്. മുകുന്ദന്‍റെ മടക്കത്തോട് ആർഎഎസ്എസ്സിന് ഇപ്പോൾ എതിർപ്പില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വമാണ് ഉടക്കിടുന്നതെന്നാണ് സൂചന.