ബിജെപിയുടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പൂഞ്ഞാറിലെ വീട്ടിലെത്തിയാണ് ജോർജിനെ കണ്ടത്. പി സി ജോർജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
കോട്ടയം: പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യ കലാപത്തിനിറങ്ങിയ പി സി ജോർജിനെ അനുനയിപ്പിക്കാന്‍ നേരിട്ടെത്തി പ്രകാശ് ജാവദേക്കർ. ബിജെപിയുടെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേക്കർ പൂഞ്ഞാറിലെ വീട്ടിലെത്തിയാണ് ജോർജിനെ കണ്ടത്. പി സി ജോർജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങണമെന്ന് ജോർജിന് നിർദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിന് ശേഷം ജോർജിന് സ്ഥാനങ്ങൾ നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നെന്നാണ് സൂചന.
പത്തനംതിട്ട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിത്വം പി സി ജോർജ് ഉറപ്പിച്ചിരുന്നതാണ്. ആ ഉറപ്പിന്മേലാണ് ജനപക്ഷം പാർട്ടിക്ക് അന്ത്യകൂദാശ ചൊല്ലി ജോർജ് ബി ജെ പിയിൽ എത്തിയത്. പത്തനംതിട്ടയിൽ സീറ്റ് നൽകാമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഉറപ്പിന്മേലാണ് പി സി ജോർജ് എൻഡിഎ പാളയത്തിലെത്തിയത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ ആകെ തകിടംമറിയുകയായിരുന്നു. പാർട്ടി നടത്തിയ അഭിപ്രായ സർവേയാണ് പി സിക്ക് വലിയ പണിയായത്. പാർട്ടി നേതാക്കളൊന്നടക്കം പി സി വേണ്ടെന്ന വികാരമാണ് അറിയിച്ചത്. ഇതിനൊപ്പം തന്നെ ബിഡിജെഎസും പി സി ജോർജിനെ വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
പത്തനംതിട്ടയില്‍ അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ നീരസം പ്രകടിപ്പിച്ച് പി സി ജോർജ് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നാണ് പിസി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തനംതിട്ടയിൽ അനിൽ ആന്റണി പരിചിതനല്ലെന്നും അനിലിനെ പരിചയപ്പെടുത്തിയെടുക്കണമെന്നും പി സി പറഞ്ഞിരുന്നു. എന്നാല്‍, ബിജെപി ദേശീയ നേതൃത്വത്വം വിഷയത്തില്‍ ഇടപെടലോടെ പിസി ജോർജ് അയഞ്ഞെന്നാണ് സൂചന. കഴിഞ്ഞ ദിവസം പി സി ജോര്‍ജിന്റെ വീട്ടിലെത്തിയ അനിൽ ആൻ്റണിയെ മധുരം നൽകിയാണ് അദ്ദേഹം സ്വീകരിച്ചത്. അനിലിനോട് പിണക്കമില്ലെന്നും പ്രചാരണത്തിന് താനുണ്ടാകുമെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
