തിരുവനന്തപുരം: വ്യവസായ- കായികമന്ത്രി ഇ.പി.ജയരാജൻ്റെ ഓഫീസിൽ നിന്നും സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററെ മാറ്റി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു കണ്ണൂരിൽ നിന്നുള്ള പ്രമുഖനേതാവായ പ്രകാശൻ മാസ്റ്റർ. മന്ത്രിയുമായി അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതിനിടെയാണ് മാറ്റം. 

ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പ്രകാശൻ മാസ്റ്ററെ മാറ്റാനുള്ള തീരുമാനമെടുത്തത്. കണ്ണൂരിലെ പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് പ്രകാശൻ മാസ്റ്ററെ മാറ്റിയതെന്നാണ് സിപിഎം നൽകുന്ന ഔദ്യോഗിക വിശദീകരണം. 

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പ്രകാശൻ മാസ്റ്റർ. ഇ.പി.ജയരാജനുമായുള്ള അഭിപ്രായഭിന്നത മൂലം ഓഫീസ് സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെടുന്ന മൂന്നാമത്തെയാളാണ് പ്രകാശൻ മാസ്റ്റർ.