തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വീടുകളിൽ സഹായമെത്തിക്കാനായി കേരള പൊലീസ് തുടങ്ങിയ 'പ്രശാന്തി പദ്ധതി'ക്ക് മികച്ച പ്രതികരണം. നാലു ദിവസത്തിനുള്ളിൽ പ്രശാന്തി സെൻറിലേക്ക് സഹായം അഭ്യർത്ഥിച്ചെത്തിയത് 100ലധികം കോളുകളാണ്.

ഒറ്റക്ക് താമസിക്കുന്നവരാണോ, രോഗികളാണോ, അല്ലെങ്കിൽ വൃദ്ധജനങ്ങളാണോ... 949700035, 949700045 എന്നീ നമ്പറിൽ സഹായത്തിന് വിളിച്ചാൽ പൊലീസ് എത്തും. ലോക്ക് ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ വിഷമിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രശാന്തി പദ്ധതി തുടങ്ങിയത്. പക്ഷെ വിവിധ വിഭാഗങ്ങളിൽ ഉള്ളവര്‍ ഇപ്പോള്‍ സഹായത്തിനായി വിളിക്കുന്നുണ്ട്. മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങള്‍, ചികിത്സക്ക് പോകാൻ വാഹനം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍

ഒറ്റപ്പെടലിൻറെ വേദനയോടെ വിളിക്കുന്നവർ നിരവധിയാണെന്ന് പ്രശാന്തിയിലെ പൊലീസുകാർ പറയുന്നു. അവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂർവ്വം കേള്‍ക്കും. ഓരോ ജില്ലയിലെ ജനമൈത്രി നോഡൽ ഓഫീസർമാരെ വിവരമറിയിക്കും. പിന്നാലെ പൊലീസ് വീട്ടിലെത്തി സഹായം നൽകും. പ്രശാന്തി വഴി കൗണ്‍സിലിംഗിനുള്ള സംവിധാനവുമുണ്ട്. പേരൂർക്കട എസ്എപി ക്യാമ്പില്‍ പ്രവ‍ർത്തിക്കുന്ന കോൾ സെൻററിൽ പരിശീലനം ലഭിച്ച പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.