വിവാദപ്രസംഗത്തിന് പിന്നാലെ ജില്ലയുടെ ചുമതലയില്‍നിന്ന് ജനറല്‍സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസി നേതൃത്വത്തിന് പരാതി നല്‍കി. 

ആലപ്പുഴ: മുൻപ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് എതിരെ കെപിസിസി ജനറല്‍ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദത്തില്‍. എന്‍.എസ്.എസിന്റെ പിന്തുണകൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചതെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്റെ പ്രസംഗം. ചെന്നിത്തലയും ഉമ്മൻ‌ചാണ്ടിയും ഒതുക്കാൻ ശ്രമിച്ച കെ.സി.വേണുഗോപാൽ പാർട്ടിയിൽ ഉയരങ്ങളിലെത്തിയെന്നും തമ്പാൻ തുറന്നടിച്ചു. 

വിവാദപ്രസംഗത്തിന് പിന്നാലെ ജില്ലയുടെ ചുമതലയില്‍നിന്ന് ജനറല്‍സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി, കെപിസിസി നേതൃത്വത്തിന് പരാതി നല്‍കി. ഡിസിസി പ്രസി‍‍ഡന്റ് ബി.ബാബു പ്രസാദ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹരിപ്പാട് സീറ്റ് ഒഴിഞ്ഞു കൊടുത്തയാളാണ്. എന്നിട്ടിപ്പോള്‍ കരഞ്ഞു നടക്കുകയാണ് എന്ന് പ്രതാപവർമ്മ കൂടി പ്രസംഗിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന ബാബുപ്രസാദ് ഇടപെട്ടു. 

തൊട്ടുപിന്നാലെ എ.എ.ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, എം.ലിജു തുടങ്ങി ജില്ലയിലെ മറ്റുനേതാക്കളും പ്രസംഗം ശരിയായില്ലെന്നു തുറന്നടിച്ചു. ഹരിപ്പാട് നിന്നുള്ള കോൺ​ഗ്രസ് നേതാക്കൾ തമ്പാൻ മാപ്പ് പറയണം എന്നാവശ്യപ്പെട്ടത്തോടെ യോഗത്തിൽ ബഹളമായി. 1982-ൽ ഹരിപ്പാട് മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്ത നേതാവിന് എൻ.എസ്.എസിന്റെ ആവശ്യപ്രകാരം സീറ്റ് ലഭിക്കേണ്ട കാര്യമില്ലെന്നു ഐ ഗ്രൂപ്പ്‌ നേതാക്കൾ പറഞ്ഞു. യോഗത്തിന് ശേഷം ചെന്നിത്തല പക്ഷം കെപിസിസിക്ക് പരാതി നൽകണമെന്ന് ആവശ്യപ്പെട്ടു. കെപിസിസിക്കും എഐസിസിക്കും ഡിസിസി പരാതി അയച്ചിട്ടുണ്ട്.