കൊച്ചി: പ്രവാസിയായ മകന്‍റെ മരണത്തിൽ നീതി തേടി കൊച്ചി കുമ്പളങ്ങിയിലെ കുടുംബം. ദുബായിലെ മുറിയിൽ ഒപ്പം താമസിക്കുന്നവർ മനുവിനെ മർദ്ദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് അമ്മ സരസ്വതി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മനു താമസമുറിയിലെ ബെർത്തിൽ നിന്ന് വീണ് മരിച്ചുവെന്ന് കുടുംബത്തിന് കമ്പനിയിൽ നിന്ന് അറിയിപ്പ് വരുന്നത്.

തന്‍റെ മകൻ ഇപ്പോൾ ഇല്ലെന്ന സത്യം ഉൾക്കൊള്ളാന്‍ അമ്മ സരസ്വതിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ദുബായിലെ പ്രിന്‍റ് പാക് എന്ന കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായിരുന്നു മനു. കഴിഞ്ഞ ശനിയാഴ്ച മുറിയിലുള്ള ചിലരുമായി തർക്കമുണ്ടായി. അപ്പോൾ തന്നെ മകൻ അമ്മയെ വിളിച്ച് സങ്കടം പറഞ്ഞു. അമ്മ ആശ്വസിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് മനു മരിച്ചെന്ന വിവരമാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. മുറിയിലെ കട്ടിലിന്‍റെ മുകളിലെ ബെർത്തിൽ നിന്ന് വീണ് മരിച്ചെന്നാണ് കമ്പനിയിൽ നിന്നുള്ള അറിയിപ്പ്. മനുവുമായി തർക്കമുണ്ടായ മലപ്പുറം സ്വദേശിയുടെ പങ്ക്  ഉൾപ്പടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ഒന്നരവർഷം മുൻപ് അച്ഛൻ സോമൻ മരിച്ചപ്പോൾ മനുവിന് കുമ്പളങ്ങിയിലെ വീട്ടിൽ വരാൻ കഴിഞ്ഞില്ല. നാട്ടിലെത്തി ലോക്ഡൗണിന് രണ്ടാഴ്ച മുൻപാണ് തിരികെ ദുബായിലേക്ക് മടങ്ങിയത്. അമ്മയും സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു മനു. യുവാവിന്‍റെ പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും നോർക്ക ഡിജിപിക്കും പരാതി നൽകി.