കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രവാസി ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. 

ദമാമിൽ നിന്ന് വന്നയാളാണ് ആലുവ പുളിഞ്ചോട് ട്രാഫിക് സിഗ്നലിൽ ആംബുലൻസ് നിർത്തിയപ്പോൾ ഡ്രൈവറെ ആക്രമിച്ച് ഇറങ്ങിയോടിയത്. പൊലീസ് സ്ഥലത്തെത്തി പിപിഈ കിറ്റ് ഇട്ടിരുന്ന ആംബുലൻസ് ഡ്രൈവറിന്റെ സഹായത്തോടെ ഇയാളെ കീഴടക്കി തിരികെ ആംബുലൻസിൽ കയറ്റുകയായിരുന്നു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

എറണാകുളം ആലുവയിൽ ക്വാറന്റീൻ ലംഘിച്ചതിന് മറ്റൊരു പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റീൻ ലംഘിച്ച് വീടിന് പുറത്ത് പോയതിന് കണ്ണൂർ സ്വദേശി റോയ് പൗലോസിനെതിരെയാണ് പൊലീസ് കേസെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊച്ചിയിലെത്തിയ ഇയാൾ ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്ലാറ്റിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. 

എന്നാൽ രാത്രി ഇയാൾ കാറിൽ പുറത്ത് പോയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു