വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗ് മന്ത്രിമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ തുടർന്ന് പാറക്കൽ അബ്ദുള്ളയ്ക്ക് പകരം പി കെ ബഷീറിനെ ഉൾപ്പെടുത്തി പട്ടികയിൽ മാറ്റം വരുത്തി. വിദ്യാഭ്യാസത്തിന് കേന്ദ്ര സഹായം ഉൾപ്പെടെ പണം ആവശ്യമാണെന്ന് നിയുക്ത മന്ത്രി എൻ ഷംസുദീൻ വ്യക്തമാക്കി.

തിരുവനന്തപുരം: വിദ്യഭ്യാസരംഗത്തെ പ്രവർത്തനത്തിന് പണം ആവശ്യമെന്ന് നിയുക്ത മന്ത്രി എൻ ഷംസുദീൻ. ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സഹായവും വേണം. പി എം ശ്രീ പോലുള്ള പദ്ധതികളിൽ യുഡിഎഫിന് ഒരു നയമുണ്ട്. അതിൽ നിന്ന്കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ. അതൊരു പരീക്ഷണമാണ്. പൊതുവിദ്യഭ്യാസം സംരക്ഷിക്കും. ലഹരി വിമുക്തമാക്കാൻ പദ്ധതികൾ കൊണ്ടുവരും. ശ്രദ്ധിച്ചാൽ മുൻകാലത്തുണ്ടായ പല തെറ്റുകളും ഒഴിവാക്കാമെന്നും എം ഷംസുദീൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്‍ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പാറക്കൽ അബ്‍ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ആ സമയത്ത് നിലവിലുള്ള മന്ത്രിമാരിൽ ആരാണ് മാറേണ്ടതെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. ലീഗ് മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിന്നീട് പ്രഖ്യാപിക്കുമെങ്കിലും ഇത്തവണ പാർട്ടിക്ക് കൂടുതൽ വകുപ്പുകൾ ഉണ്ടാകുമെന്നും നേതാക്കൾ വിവരിച്ചു.

പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ, പാറക്കൽ അബ്ദുള്ള എന്നിവരെയാണ് മന്ത്രിമാരായി ഇന്നലെ നിർദേശിച്ചിരുന്നത്. എന്നാല്‍ പി കെ ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലും സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഒരു പുനരാലോചന ലീഗില്‍ ഉണ്ടായത്. ബഷിറിനെ ഒഴിവാക്കുന്നുവെന്ന സൂചനകൾ വന്നതോടെ ലീഗിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നതിന് പിന്നാലെയാണ് ആദ്യ തീരുമാനം മാറിയത്. ഇതോടെയാണ് പാറക്കൽ അബ്‍ദുള്ളയ്ക്ക് പകരം പി കെ ബഷീർ മന്ത്രിയാകുന്നതെന്നാണ് വ്യക്തമാകുന്നത്. വി അബ്‍ദുൾ ഗഫൂറിനെ മന്ത്രി ആക്കരുത് എന്ന് ആവശ്യം ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാല്‍, പാണക്കാട് കുടുംബത്തിന്റെ സമ്മർദ്ദം വി അബ്‍ദുൾ ഗഫൂറിന് തുണയായി. 2011 ലെ വകുപ്പുകൾ തന്നെ ലീഗിന് കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോൾ കോൺഗ്രസ് ഏറ്റെടുത്തേക്കും എന്നാണ് വിവരം.