വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് ഒടുവിൽ കോൺഗ്രസ് നേതൃത്വം വഴങ്ങി. വൈദ്യുതി വകുപ്പ് ഏറ്റെടുക്കില്ലെന്ന നിലപാട് കടുപ്പിച്ചതോടെ, അദ്ദേഹം ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും ഒപ്പം ദേവസ്വവും നൽകാൻ തീരുമാനമായി.

തിരുവനന്തപുരം : വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോൺഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരൻ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നൽകും. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്. വി ഡി സതീശൻ മന്ത്രിസഭയിൽ ആരോഗ്യവകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സതീശൻ മന്ത്രിസഭയിലെ വകുപ്പുകൾ കെ സി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെ സി വേണുഗോപാൽ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനിൽകുമാറിന് ആരോഗ്യം നൽകാനായിരുന്നു നീക്കം. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

കോൺഗ്രസ് മന്ത്രിമാർ ആരൊക്കെ

പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചു. വകുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ധാരണയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നാണ് വിവരം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിർണായകമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകളാണ് നൽകിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ വകുപ്പ്. പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്‌സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി, റോജി എം ജോൺ എന്നിങ്ങനെയാണ് നിലവിലെ ധാരണ.