Asianet News MalayalamAsianet News Malayalam

റാണയുടെ റിസോ‍ർട്ട് പൂട്ടി കൊടികുത്തി യൂത്ത് കോൺ​ഗ്രസ്, റാണയെ രക്ഷിക്കുന്നത് പൊലീസെന്ന് നിക്ഷേപകർ

ജീവന് ഭീഷണിയുണ്ടെന്ന് തട്ടിപ്പിനിരയായ നിക്ഷേപക ഏഷ്യാനെറ്റ് ന്യൂസിനോട്

Praveen Rana resort closed by Youth Congress
Author
First Published Jan 10, 2023, 9:13 AM IST

തൃശൂർ : സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ റിസോർട്ടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് റിസോർട്ട് പൂട്ടി കൊടികുത്തി. അരിമ്പൂരെ റാണാസ് റിസോർട്ടാണ് പൂട്ടിയത്. അതേസമയം പ്രവീൺ റാണയ്ക്ക് രക്ഷപ്പെടാൻ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശ്ശൂർ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമെന്ന് നിക്ഷേപകർ ആരോപിച്ചു. 

തനിക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് രണ്ടു ലക്ഷം നഷ്ടമായ നിക്ഷേപക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പണം നഷ്ടമായവർ സമരസമിതി രൂപീകരിച്ച് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 27 ന് അരിമ്പൂര്‍ റാണാ റിസോട്ടില്‍ നടത്തിയ നിക്ഷേപ സംഗമത്തില്‍ റാണയക്ക് പിന്തുണയുമായി അന്തിക്കാട് എസ്ഐ വന്നു. ഇപ്പോള്‍ കേസന്വേഷിക്കുന്ന ഈസ്റ്റ് പൊലീസും റാണയ്ക്കൊപ്പമാണ്. പണം നഷ്ടമായ നൂറിലേറെപ്പേര്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് സമര സമിതിയും രൂപീകരിച്ചു.

കഴിഞ്ഞ ദിവസം റാണയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് പൊലീസ് എത്തുമ്പോഴേക്കും ഇയാൾ മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസിന്റെ വീഴ്ചയെന്ന ആരോപണം ഉയർന്നിരുന്നു. കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ചാണ് റാണ രക്ഷപെട്ടത്. ഒരു ലിഫ്റ്റിലൂടെ പൊലീസ് പരിശോധനയ്ക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ റാണ രക്ഷപെടുകയായിരുന്നു. റാണയുടെ നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. 

കോടികള്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ റാണയ്ക്കായി തെരച്ചില്‍ തുരുന്നതിനിടെയാണ് കൊച്ചി ചെലവന്നൂരിലെ സുഹൃത്തിന്‍റെ ഫ്ളാറ്റില്‍ റാണയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. രണ്ടു പൊലീസുകാരായിരുന്നു പരിശോധനയ്ക്കായെത്തിയത്. ഒരു ലിഫ്റ്റില്‍ കയറി ഇരുവരും മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റില്‍ താഴെക്കിറങ്ങി. ഫ്ളാറ്റില്‍  റാണയില്ലെന്ന് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കാറില്‍ പ്രതി രക്ഷപ്പെട്ടെന്ന് കണ്ടെത്തി. റാണയുടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. 

ട്രാഫിക് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍  വാഹനം അങ്കമാലി ഭാഗത്തേക്കാണ് പോയതെന്നു വ്യക്തമായി. അങ്കമാലിയില്‍ വച്ച് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയെങ്കിലും റാണയുടെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. റാണയെ കലൂരില്‍ ഇറക്കിവിട്ടെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഫോണ്‍ സ്വിച്ചോഫ് ആയതിനാല്‍ റാണയുടെ ലൊക്കേഷന്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.

Read More : നിക്ഷേപ തട്ടിപ്പ്: ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ, കൊച്ചിയിൽ നിന്ന് നാല് വാഹനങ്ങൾ പിടിച്ചെടുത്തു

Follow Us:
Download App:
  • android
  • ios