പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും നീതു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: കാട്ടാക്കടയിൽ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി പരാതിക്കാരായ കുടുംബം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. കൂട്ട ആക്രമണത്തിന്‍റെ ഞെട്ടൽ മാറിയിട്ടില്ലെന്നു എട്ടു മാസം ഗർഭിണിയായ നീതു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
താൻ കാറിൽ ഇരിക്കുമ്പോഴാണ് അക്രമികൾ ചില്ലു അടിച്ചു തകർക്കുന്നത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ടപ്പോൾ താൻ എതിർത്തു. അപ്പോഴാണ് എനിക്ക് നേരെയും തിരിഞ്ഞത്. എന്‍റെ മാലയും പൊട്ടിച്ചെടുത്തു. പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു മർദ്ദനം ഏറ്റത്തിന്‍റെ മെഡിക്കൽ രേഖകൾ സഹിതം വരാനാണ് പറഞ്ഞത്. ഈ രേഖകൾ കൊണ്ട് വന്ന ശേഷമാണ് പരാതി സ്വീകരിച്ചതെന്നും നീതു ആരോപിച്ചു.
അതേസമയം, സംഭവത്തില്‍ ജി സ്റ്റീഫൻ എംഎല്‍എയുടെ വിശദീകരണം തള്ളി മര്‍ദ്ദനത്തിനിരയായ ബിനീഷ് രംഗത്തെത്തി. എംഎല്‍എയുടെ കാര്‍ മാത്രമാണ് പിറകിലുണ്ടായിരുന്നത്. എംഎല്‍എയുടെ കാറിന് വേണ്ടി വഴിയൊരുക്കണം എന്നാണ് അക്രമികള്‍ പറഞ്ഞതെന്നും ബിനീഷ് പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയില്‍ കാട്ടാക്കട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് സംഭവം. എംഎൽഎയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. കാട്ടാക്കടയിൽ കല്യാണ വിരുന്നിൽ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. കുടുംബം കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കി.
അതേസമയം, ആരോപണം നിഷേധിക്കുകയാണ് ജി. സ്റ്റീഫൻ എംഎൽഎ. തന്‍റെ കാര് കടന്നുപോകുന്നതിന് വഴിയൊരുക്കാന് ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തിൽ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

