തമിഴ്നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന എൻഡിഎ പ്രചാരണം തള്ളി ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന എൻഡിഎ പ്രചാരണം തള്ളി ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും ഡിഎംകെയുമായി വർഷങ്ങൾക്ക് മുൻപേ സഖ്യത്തിൽ ആകേണ്ടിയിരുന്നു എന്നും പ്രേമലത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ രാജ്യസഭാ സീറ്റും 10 നിയമസഭാ സീറ്റും ഡിഎംഡികെ നേടിയെടുത്തതോടെ പാർട്ടിയിലും കരുത്താർജ്ജിച്ചിരിക്കുകയാണ് പ്രേമലത വിജയകാന്ത്.
പ്രചാരണത്തിനിടെ ചെന്നൈ കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്തെത്തുമ്പോൾ അണ്ണിയെ സ്വീകരിക്കാൻ നിറയെ പ്രവർത്തകർ കാത്തുനിൽപ്പാണ്. ഡിഎംകെയെുമായി കൈ കോർത്തത് ക്യാപ്റ്റന്‍റെ ആത്മാവിനെ മുറിവേൽപ്പിച്ചുവെന്ന ബിജെപി വിമർശനത്തിൽ കാര്യമില്ലെന്നാണ് പ്രേമലത പറയുന്നത്. 21 വർഷമായുള്ള ക്യാപ്റ്റന്‍റെ സ്വപ്നമാണെന്നും പണ്ടേ സംഭവിക്കേണ്ടിയിരുന്നു. 200ലധികം സീറ്റ് നേടി ഡിഎംകെ സഖ്യം ജയിക്കും.തമിഴ്നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, സംസ്ഥാനത്ത് പ്രധാന രാഷ്ട്രീയപാർട്ടിയുടെ തലപ്പത്തുള്ള ഏക വനിതയായ പ്രേമലത പറയുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാമെന്നും അതിൽ എനിക്ക് ഖേദമുണ്ട്. സ്ത്രീകളെ കുറിച്ച് മോശമായി പറയുന്നവരും ഉണ്ട്. അവരുടെ വീട്ടിലും സ്ത്രീകൾ ഉണ്ടെന്ന് ഓർക്കണം. ക്യാപ്റ്റനെ വഴികാട്ടിയായി കണ്ടിരുന്ന വിജയ്‌യുടെ രാഷ്ടീയപ്രവേശമാണ് ഡിഎംഡികെയെ ഒപ്പം നിർത്താൻ സ്റ്റാലിനെ പ്രേരിപ്പിച്ചതെന്നും പ്രേമലത പറഞ്ഞു. രാഷ്ട്രീയത്തിൽ വിജയ്‌യുടെ ഭാവിയെന്താകുമെന്ന ചോദ്യത്തിന് വിജയ്‌യുടെ കാര്യം അദ്ദേഹത്തോട് ചോദിക്കണം, വിജയ് പല പ്രശ്നങ്ങൾ നേരിടുകയാണ്. ഞങ്ങൾക്ക് ഒന്നും പറയാനില്ല എന്നും പ്രേമലത പ്രതികരിച്ചു.



