ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ 25-ാം ആഴ്ചയിൽ 700 ഗ്രാം ഭാരത്തോടെ ജനിച്ച കുഞ്ഞിന് മൂന്നുമാസത്തെ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ നൽകി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച കുഞ്ഞ് 1.5 കിലോഗ്രാം ഭാരത്തോടെ ആശുപത്രി വിട്ടു. ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ പൂർണ്ണമായും സൗജന്യമായാണ് നൽകിയത്.
അമ്പലപ്പുഴ: ജനിക്കുമ്പോൾ വെറും 700 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന് മൂന്നുമാസം നീണ്ട വിദഗ്ധ പരിചരണത്തിലൂടെ പുതുജീവൻ നൽകി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്. 25-ാം ആഴ്ചയിൽ ജനിച്ച കുഞ്ഞിനാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും തീവ്രപരിചരണത്തിനൊടുവിൽ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടാനായത്. ജനിച്ച ഉടൻ തന്നെ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിന് അടിയന്തര ചികിത്സയും വെന്റിലേറ്റർ സഹായവും നൽകിയിരുന്നു. തുടർന്ന് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടിയെ സ്വയം ശ്വസിക്കുന്ന നിലയിലേക്ക് ഡോക്ടർമാർ എത്തിക്കുകയായിരുന്നു.
ചികിത്സയ്ക്കിടയിൽ പ്രിമേച്വർ അനീമിയ, അക്യൂട്ട് കിഡ്നി ഇഞ്ചുറി, അണുബാധ തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും നിയോ നാറ്റോളജി ഐ.സി.യുവിൽ വിദഗ്ധസംഘം കുഞ്ഞിനെ പൂർണ്ണ നിയന്ത്രണത്തിലാക്കി. ഇതിനിടെ പ്രായമാകാതെ ജനിക്കുന്ന ശിശുക്കളിൽ കണ്ടുവരുന്ന 'റെറ്റിനോപ്പതി ഓഫ് പ്രിമേച്യുരിറ്റി' എന്ന രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് ലേസർ ചികിത്സയും ലഭ്യമാക്കി. ആശുപത്രി വിടുമ്പോൾ കുഞ്ഞിന്റെ ഭാരം 1.5 കിലോഗ്രാമായി വർദ്ധിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സയാണ് പൂർണ്ണമായും മെഡിക്കൽ കോളേജിൽ സൗജന്യമായി നൽകിയത്.
ശിശുരോഗ വിഭാഗം മേധാവി ഡോ. സിറിൽ റൊസാരിയോ, ന്യൂബോൺ ചീഫ് ഡോ. ലതിക, ഡോ. സൂസി, നിയോ നാറ്റോളജിസ്റ്റ് ഡോ. ടിസ്സ, ഹെഡ് സിസ്റ്റർ ഷീജ പി എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. പ്രതിസന്ധികളെ അതിജീവിച്ച് വിജയകരമായി ചികിത്സ പൂർത്തിയാക്കിയ സംഘത്തെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലക്ഷ്മി പി.എൽ അഭിനന്ദിച്ചു.


