നിർമാണം നടക്കുന്ന ദേശീയപാതയോട് ചേർന്ന് വണ്ടാനം കാവിന് സമീപം ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കുന്നുകൂടുന്നത് പ്രദേശത്ത് ദുർഗന്ധം പരത്തുന്നു.  

അമ്പലപ്പുഴ: നിർമാണം നടക്കുന്ന ദേശീയപാതയോട് ചേർന്ന് വണ്ടാനം കാവിന്റെ പരിസരത്ത് മാലിന്യം കുന്നുകൂടുന്നു. പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതിനാൽ കാൽനടയാത്രക്കാരും നാട്ടുകാരും കടുത്ത ദുരിതത്തിലാണ്. വലിയ പ്ലാസ്റ്റിക് കവറുകളിലും മറ്റുമായി കെട്ടിയ നിലയിലാണ് മാലിന്യം കൂടുതലായും തള്ളിയിരിക്കുന്നത്. ഹോട്ടലുകൾ, ബേക്കറികൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾക്കൊപ്പം ഇറച്ചി, മത്സ്യ മാലിന്യങ്ങളും വിവാഹ സൽക്കാരങ്ങളുടെ ബാക്കി വരുന്ന ഭക്ഷണവും ഇവിടെ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചില്ലുകൾ, പൊട്ടിയ പാത്രങ്ങൾ, കോഴി മാലിന്യം, മുടി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കുന്ന അടുക്കള മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിലാണ് റോഡരികിൽ ചിതറിക്കിടക്കുന്നത്. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. 

നായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാരും മെഡിക്കൽ കോളജ് വിദ്യാര്‍ത്ഥികളും ഭക്തരും കടന്നുപോകുന്ന സർവീസ് റോഡാണിത്. ആലപ്പുഴ ജില്ലയിലെ ഏക വനമെന്ന് വിശേഷിപ്പിക്കുന്ന വണ്ടാനം കാവിനോട് ചേർന്നാണ് ഈ ദുരവസ്ഥ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ക്ഷേത്രം ഉപദേശകസമിതി വിഷയം ഗൗനിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.