നിലക്കൽ: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ നവംബർ പത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേർന്ന അവലോകന യോഗം. പ്രധാന ഇടതാവളമായ നിലക്കലിൽ കുടിവെള്ളമെത്തിക്കാൻ 120 കോടി രൂപയുടെ പദ്ധതി അടുത്തവർഷം പൂർത്തിയാകുമെന്നും ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു. തീർത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് ചൊവ്വാഴ്ച അവലോകന യോഗം ചേർന്നത്.

ഹൈക്കോടതി ശബരിമല പാതയായി പ്രഖ്യാപിച്ചിട്ടുള്ള ഏഴ് റോഡുകളുടെ നവീകരണത്തിനായി 36.29 കോടി രൂപയും പ്രധാനപ്പെട്ട മറ്റ് നാല് റോഡുകള്‍ക്കായി 12.35 കോടി രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അവലോകന യോഗത്തില്‍ അറിയിച്ചു. ടെൻഡർ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും നവംബർ ഒന്നിന് മുൻപ് ജോലികള്‍ പൂർത്തിയാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണത്തിനായി ജലവിഭവ വകുപ്പിന്‍റെ സഹായത്തോടെ കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കും. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ശുചിമുറികളുടെ എണ്ണം കൂട്ടും. പ്രളയത്തെതുടർന്ന് പമ്പാനദിയില്‍ തകർന്ന തടയണകള്‍ക്ക് പകരം താല്‍ക്കാലിക തടയണകള്‍ സ്ഥാപിക്കാനും യോ​ഗത്തിൽ തീരുമാനമായതായി കളക്ടർ പറഞ്ഞു.

തിരുവാഭരണ പാതയിലെ കൈയ്യേറ്റം ഒഴിപ്പിക്കാൻ തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാൻ പമ്പമുതല്‍ സന്നിധാനം വരെയുള്ള കാനന പാതയില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും നിലക്കലിൽ വാഹന പാർക്കിങ്ങ് സംവിധാനം മെച്ചപ്പെടുത്താനും പദ്ധതിയിട്ടുണ്ട്. നിലക്കലില്‍ നാല് മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ്ജപ്ലാന്‍റ് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞതായും കളക്ടർ കൂട്ടിച്ചേർത്തു.