Asianet News MalayalamAsianet News Malayalam

കുടിയേറ്റക്കാരെ പുറത്താക്കണം, ഒറ്റത്തെരഞ്ഞെടുപ്പ് വേണം: നയ പ്രഖ്യാപനത്തിൽ രാഷ്ട്രപതി

അനധികൃത കുടിയേറ്റക്കാര്‍ രാജ്യസുരക്ഷയ്കക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയും കുടിയേറ്റക്കാരെ തടയും. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയോടൊപ്പമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇതിനുള്ള തെളിവാണ്. 

president addressed the joint session of parliament
Author
Delhi, First Published Jun 20, 2019, 1:29 PM IST

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സ്വഭാവം എന്തായിരിക്കും എന്ന വ്യക്തമായ സൂചന നല്‍കി പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. പാര്‍ലമെന്‍റിന്‍റെ സെന്‍റര്‍ ഹാളില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ശക്തവും സുരക്ഷിതവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കാനായാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി എന്‍ഡിഎ സര്‍ക്കാരിന്  രണ്ടാമതും അവസരം നല്‍കിയതെന്നും ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. 

അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പുകള്‍ ഒന്നാക്കുന്ന കാര്യത്തിലെ ബിജെപി നിലപാടും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി ആവര്‍ത്തിച്ചു. അടിക്കടിയുണ്ടാവുന്ന തെര‍ഞ്ഞെടുപ്പുകള്‍ രാജ്യത്തിന്‍റെ വികസനത്തെ പിന്നോക്കം വലിക്കുകയാണെന്നും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക വഴി ഈ പ്രശ്നം ഒഴിവാക്കാന്‍ സാധിക്കുമെന്നും രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 

രാജ്യത്തെ സ്ത്രിസമത്വം ഉറപ്പാക്കാന്‍ മുത്തലാഖ് പോലുള്ള അനാചാരങ്ങള്‍ നിരോധിക്കേണ്ടത് അനിവാര്യമാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയ്ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഐക്യരാഷട്രസഭയുടെ നടപടി. 

ഗംഗശുചീകരണം മാതൃകയാക്കി കാവേരി, പെരിയാര്‍, മഹാനദി, നര്‍മ്മദ,ഗോദാവരി എന്നീ നദികളും മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും. രാജ്യസുരക്ഷയ്ക്കായി മിന്നല്‍ ആക്രമണം പോലെയുള്ള നടപടികള്‍ ഇനിയും സ്വീകരിക്കുമെന്നും ഇന്ത്യയെ ആക്രമിക്കുന്നവര്‍ അതിനുള്ള വില കൊടുക്കേണ്ടി വരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെ മിന്നല്‍ ആക്രമണത്തെക്കുറിച്ചും മസൂദ്ദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെക്കുറിച്ചും പരാമര്‍ശമുണ്ടായപ്പോള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് ബിജെപി എംപിമാര്‍ അതിനെ സ്വീകരിച്ചത്. 

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്നും

  • 17-ാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. റെക്കോര്‍ഡ് വോട്ടര്‍മാരാണ് ഇക്കുറി വോട്ട് ചെയ്യാന്‍ എത്തിയത്. കനത്ത ചൂടിനിടയിലും രാജ്യത്തെ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുത്തു. പോളിംഗ് ബൂത്തുകളില്‍ കണ്ട സ്ത്രീകളുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു
  • വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടേയും പാര്‍ലമെന്‍റിലേക്ക് ജയിച്ച സ്ത്രീകളുടേയും എണ്ണത്തിലുണ്ടായ വര്‍ധന അഭിനമാനകരമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെ ഈ ഘട്ടത്തില്‍ അനുമോദിക്കുന്നു. 
  • ശക്തവും സുരക്ഷിതവുമായ ഒരു രാജ്യമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായാണ് ഇവര്‍ വോട്ട് ചെയ്തത്. രാജ്യത്തെ ജനങ്ങളുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് എന്‍റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസം എന്നതാണ് സര്‍ക്കാരിന്‍റെ മുദ്രാവാക്യം. അതിന് പിന്തുണ നല്‍കി കൊണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. 
  • അകത്തും പുറത്തമുള്ള എല്ലാ വിധ്വംസക ശക്തികളില്‍നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2022ല്‍ ഇന്ത്യ സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇത് മുന്നില്‍ കണ്ട് വികസനത്തിന് വേഗം കൂട്ടാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. 
  • ജലസംരക്ഷണം, കര്‍ഷകരുടെ ഉന്നമനം, ജവാന്‍മാരുടെ കുടുംബത്തിന്‍റെ ക്ഷേമം ഇതെല്ലാ സര്‍ക്കാരിന്‍റെ മുന്‍ഗണനയിലുള്ള കാര്യങ്ങളാണ്. സര്‍ക്കാര്‍ താത്പര്യത്തിന്‍റെ ഉത്തമഉദാഹരണമാണ് പുതുതായി രൂപം കൊണ്ട് ജലമന്ത്രാലയം. രാജ്യത്തെ എല്ലാ പൗരന്‍മാരിലേക്കും ബാങ്കിംഗ് സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ നിലയിലുള്ള വലിയ ചുവടുവയ്പ്പാണ് പോസ്റ്റല്‍ ഇന്ത്യ പേയ്മെന്‍റ ബാങ്ക്. 
  • 2024-ഓടെ രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ കമ്പനികളുടെ എണ്ണം 50,000 ആക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.  2024-ല്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്പത്തികവ്യവസ്ഥയായി ഇന്ത്യ മാറണം.
  • കായികരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് ഖേലോ ഇന്ത്യ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ കായികതാരങ്ങളെ കണ്ടെത്തി ജില്ലാതലം മുതല്‍ പരിശീലനം നല്‍കി വളര്‍ത്തി കൊണ്ടു വരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 
  • സ്ത്രീസമത്വം ഉറപ്പാക്കുന്നതിന് മുത്തലാഖ്, നിക്കാഹ് ഹലാല്‍ എന്നീ ആചാരങ്ങള്‍ നിരോധിക്കേണ്ടത് അനിവാര്യമാണ്. 
  • 2024-ഓടെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ഇപ്പോഴത്തേതില്‍ നിന്നും അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിലൂടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ രണ്ട് കോടി സീറ്റുകള്‍ അധികമായി ഉണ്ടാവും. 
  • പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താനും സുഗമമായ യാത്രാസൗകര്യം ഉറപ്പുവരുത്താനുമായി സര്‍ക്കാര്‍ നിരന്തരം പ്രയത്നിക്കുകയാണ്. ഒരു രാജ്യം ഒരു ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ് സൗകര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. 
  • ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുടെ സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ഇന്ത്യയിപ്പോള്‍. പണപ്പെരുപ്പവും പൊതുകടവും ഇപ്പോള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കരുതല്‍ ധനശേഖരവും വര്‍ധിക്കുന്നു.
  • നക്സല്‍ ബാധിത മേഖലകളില്‍ വമ്പന്‍ വികസനപദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരെ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചയും ഈ സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. 
  • അനധികൃത കുടിയേറ്റക്കാര്‍ രാജ്യസുരക്ഷയ്കക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയും കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
  • തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയോടൊപ്പമാണ്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇതിനുള്ള തെളിവാണ്. 
  • വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി 7.3 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുണോഭ്കതാക്കളുടെ അക്കൗണ്ടുകളിലെത്തിയത്. അനധികൃതമായി സര്‍ക്കാര്‍ സഹായം വാങ്ങി കൊണ്ടിരുന്ന എട്ട് കോടി ആളുകളെ ക്ഷേമനിധി പദ്ധതികളില്‍ നിന്നും ഒഴിവാക്കുക വഴി 1.41 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ലാഭിച്ചത്. 
  • സൈനികരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. വിരമിച്ച സൈനികരുടെ പെന്‍ഷന്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി വഴി വര്‍ധിപ്പിച്ചിട്ടുണ്ട്.
  • രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ സൈനികശക്തി പ്രധാനമാണ് റഫാല്‍ വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ സേനയുടെ ഭാഗമാക്കും. രാജ്യത്തെ ആക്രമിക്കുന്നവര്‍ അതിന്‍റെ ഫലം അനുഭവിക്കാതെ പോവില്ല. 
  • ഗംഗശുചീകരണം മാതൃകയാക്കി കാവേരി, പെരിയാര്‍, മഹാനദി, നര്‍മ്മദ,ഗോദാവരി എന്നീ നദികളും മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും.
  • രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന ശാസത്രജ്ഞരേയും ഗവേഷകരേയും ഈ സന്ദര്‍ഭത്തില്‍ അഭിനന്ദിക്കുന്നു
  • കേന്ദ്രസര്‍ക്കാരിന്‍റെ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ 26 ലക്ഷം നിര്‍ധനരോഗികള്‍ക്ക് സൗജന്യചികിത്സ ലഭിച്ചു. 
Follow Us:
Download App:
  • android
  • ios