മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു. ശേഷം, ശിവഗിരിയിൽ മഹാസമാധിയുടെ ശതാബ്ദി സമ്മേളനവും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. 

തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ അടക്കം പങ്കെടുത്തു. 2024ൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദാണ് കെആർ നാരായണൻ്റെ പ്രതിമ സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. അന്നത്തെ ഗവർണ്ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് നടപടികൾ തുടങ്ങിയത്. ഒമാൻ സന്ദർശനത്തിലായതിനാൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നില്ല.

ശിവഗിരിയിൽ മഹാസമാധിയുടെ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

മനുഷ്യത്വം പറഞ്ഞുതന്ന ഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ജാതിക്കും മതത്തിനും എതിരായ ഗുരു എടുത്ത നിലപാടുകൾ നിർണ്ണായകമാണ്. ആധുനിക കാലത്തും ഗുരുദർശനങ്ങൾ പ്രസക്തമാണെന്നും രാഷ്ട്രപതി പറഞ്ഞു. ശിവഗിരിയിൽ മഹാസമാധിയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു സമ്മേളനം. മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ പ്രതിമ രാജ്ഭവനിൽ അനാച്ഛാദനം ചെയ്ത ശേഷമായിരുന്നു രാഷ്ട്രപതി ശിവഗിരിയിൽ എത്തിയത്.