ബിബിസിയുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായതില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയടക്കം കടുത്ത പ്രതിഷേധമറിയിച്ചു

ദില്ലി : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അതിക്രമത്തിനെതിരെ ദേശീയ തലത്തിലും പ്രതിഷേധം. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപത്തിനുള്ളില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് രാജ്യത്ത് തന്നെ അസാധാരണ സംഭവമാണ്. ബിബിസിയുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായതില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയടക്കം കടുത്ത പ്രതിഷേധമറിയിച്ചു. ഈ തന്ത്രങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഒരു സ്ഥാനവുമില്ലെന്നും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. 

അതിക്രമത്തില്‍ സിപിഎമ്മും എസ്എഫ്ഐയും കേരള സമൂഹത്തോട് ഉത്തരം പറയേണ്ടി വരുമെന്ന് വര്‍ക്കിംഗ് ജേര്‍ണ്ണലിസ്റ്റ് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ സിപിഎം വിദ്യാർത്ഥി സംഘടന നടത്തിയ അതിക്രമം നിന്ദ്യമെന്ന് ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രനും പ്രതികരിച്ചു. കേരള സർക്കാരിൻറെ വീഴ്ചകൾ പുറത്തു കൊണ്ടു വരുന്നതിലെ പ്രതികാര നടപടിയാണിത്. രാഷ്ട്രീയ ധാർമ്മികത നഷ്ടമായ ഭരണകൂടത്തിൽ നിന്ന് ഇതേ പ്രതീക്ഷിക്കാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

കോളജ് പ്രിന്‍സിപ്പാളിന് നേരെ കരി ഓയില്‍ ഒഴിച്ച പാരമ്പര്യമുള്ളവരാണ് സാംസ്കാരിക കേരളത്തിന്‍റെ അളവെടുക്കാന്‍ നടക്കുന്നതെന്ന് ജെബി മേത്തര്‍ എംപി പരിഹസിച്ചു. എസ്എഫ്ഐ മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഘടകവും ആവശ്യപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് നൗ തുടങ്ങിയ ദേശീയ തലത്തിലെ മാധ്യമങ്ങള്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്തു. 

അതേ സമയം, സിപിഎം ദേശീയ നേതൃത്വം സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ബിബിസി ഓഫീസിലെ ആദായ നികുതി പരിശോധനയേയും, ഓഫീസിന് മുന്‍പില്‍ ഹിന്ദു സേന നടത്തിയ പ്രതിഷേധത്തെയും അപലപിച്ച ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ഈ വിഷയം സംസ്ഥാന നേതൃത്വത്തോട് ചോദിക്കാനാണ് നിര്‍ദ്ദേശിച്ചത്. ബൃന്ദകാരാട്ട്, എംഎ ബേബി എന്നിവരും ഒഴിഞ്ഞുമാറി. ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കും, നേതാക്കളുടെ വീടുകള്‍ക്കും നേരെ അതിക്രമം നടക്കുന്നതിനോട് പൗരസമൂഹം പ്രതികരിക്കണമെന്നാവശ്യപ്പെടുന്ന നേതൃത്വം എസ്എഫ്ഐ അതിക്രമത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അതിക്രമം: നേതൃത്വം നൽകിയത് എസ്എഫ്ഐ ജില്ലാ നേതാക്കൾ, പേര് വിവരങ്ങൾ പുറത്ത്

YouTube video player