തിരുവനന്തപുരം: പൊങ്ങച്ചം പറയാന്‍ വാര്‍ത്താസമ്മേളനങ്ങളെ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അതത് ദിവസത്തെ പ്രധാനകാര്യം പറയാനാണ് വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ എല്ലാ ദിവസത്തെയും വാര്‍ത്താസമ്മേളനം മൂന്ന് ദിവസം മുമ്പ് ഒന്നിടവിട്ട ദിവസങ്ങളിലാക്കാന്‍ തീരുമാനിച്ചിരുന്നു. സ്പ്രിംക്ലര്‍ വിവാദത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പരിഹസിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ എല്ലാ ദിവസവും വാര്‍ത്താസമ്മേളനം വിളിക്കാനാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം. 

കേരളത്തിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് വ്യക്തമാക്കി. ഏത് അടിയന്തര സാഹചക്യവും നേരിടാന്‍ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമക്കി. കേരളത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രശംസ ലഭിച്ചു. രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ കേരളത്തെ പ്രശംസിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.