തിരുവനന്തപുരം:ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട്‌ കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി ഞായറാഴ്ചയോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80 മുതൽ 90കിലോമീറ്റർ വരെയായി ഉയരുമെന്നും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നു. 

ഈ സാഹചര്യത്തില്‍ 27-ാം തീയതി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ധമോ  അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏപ്രില്‍ 27-ന് അതിരാവിലെ 12 മണിയോടെതന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഭ്യര്‍ത്ഥിച്ചു. 

25-04-2019 രാത്രി 11.30 വരെ കേരള തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.