Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ; 6100 കോടിരൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

സംസ്ഥാന ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം അന്പലമുകളിലെ റിഫൈനറി പരിസരത്താകും അരമണിക്കൂർ നീണ്ട് നിൽക്കുന്ന കൂടിക്കാഴ്ച.

prime minister narendra modi to arrive in kochi
Author
Kochi, First Published Feb 14, 2021, 6:28 AM IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ചെന്നൈയിൽ നിന്ന് 2.30 ഓടെ പ്രത്യേക വിമാനത്തിൽ കൊച്ചി ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ രാജഗിരി സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങും. പിന്നീട് പ്രധാനമന്ത്രി റോഡ് മാർഗമാണ് അമ്പലമുകളിലെ കൊച്ചിൻ റിഫൈനറിയിലെത്തുക. 

റിഫൈനറീസ് ക്യാംപസ് വേദിയിൽ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. നാല് കേന്ദ്ര മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകൾ പൂർത്തീയാക്കി വൈകീട്ട് 5.55ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ദില്ലിക്ക് മടങ്ങും.

സംസ്ഥാന ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം അന്പലമുകളിലെ റിഫൈനറി പരിസരത്താകും അരമണിക്കൂർ നീണ്ട് നിൽക്കുന്ന കൂടിക്കാഴ്ച. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പ്രധാനമന്ത്രി തന്‍റെ നിർദ്ദേശങ്ങൾ പാർട്ടി നേതാക്കളെ അറിയിക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം 12 അംഗങ്ങളാണ് കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുക.  

Follow Us:
Download App:
  • android
  • ios