Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ്? മോദിക്ക് പിണറായിയുടെ മറുപടി; രാഹുലിനും വിമർശനം

പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുകയാണ്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്നും പിണറായി വിജയൻ ആരോപിച്ചു

Prime Minister's allegation based on which authentic report? Pinarayi vijayan's reply to Modi;  also criticized rahul gandhi
Author
First Published Apr 21, 2024, 10:43 AM IST

കാസര്‍കോട്: കേരളത്തിൽ അഴിമതിയെന്ന മോദിയുടെ പരാമര്‍ശത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ആക്ഷേപം ഏത് ആധികാരിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണെന്നും കേരളത്തെ അപമാനിക്കാനാണ് മോദിയുടെ ശ്രമെന്നും പിണറായി വിജയൻ പറഞ്ഞു. കുടുംബവാഴ്ചയിലും അഴിമതിയിലും ബിഹാറിലെ രാഷ്ട്രീയക്കാരെപോലും തോൽപിക്കുന്ന തരത്തിലാണ് കേരളത്തിലെ പിണറായി സർക്കാരെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തതയുണ്ടെന്നും പിണറായിക്കെതിരായ ആരോപണങ്ങളിൽ മോദി ശക്തമായ നടപടി എടുക്കുന്നില്ലെന്ന എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ ആരോപണത്തിനാണ് മറുപടിയുമായി പിണറായി വിജയൻ രംഗത്തെത്തിയത്. 

ഇടത്പക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും എൽ ഡി എഫ് നിലപാടുകൾക്ക് ജനങ്ങൾ അംഗീകാരം നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതു പക്ഷത്തിന്‍റെ മുന്നേറ്റത്തില്‍ കോൺഗ്രസും ബിജെപിയും പരിഭ്രാന്തിയിലാണ്. പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും കള്ളം പറയുകയാണ്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. നേട്ടങ്ങളെ നുണകൊണ്ട് മൂടാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണ്. നീതി ആയോഗിന്‍റെ ചുമതലയിൽ ഇരുന്നാണ് മോദി കള്ളം പറയുന്നത്. 


മോദി കേരളത്തെയും, ബീഹാറിനെയും അപമാനിച്ചു. ഇന്ത്യയിൽ അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഏത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തുന്നത്?. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടി കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയ ആളാണ് പ്രധാനമന്ത്രി. ഭരണഘടനാ മനദണ്ഡങ്ങൾ പോലും മോദി പാലിച്ചില്ല. നികുതി വിഹിതം ആരുടേയും ഔദാര്യമല്ല. ബിജെപി നൽകുന്ന പരസ്യങ്ങളിൽ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. ശക്തമായ നിലപാട് രാഹുലിൽ നിന്ന് ഉണ്ടാകുന്നില്ല. അഞ്ചു വർഷത്തിന് ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ്.

ഉത്തരേന്ത്യയിൽ നിന്ന് രാഹുൽ ഗാന്ധി ഒളിച്ചോടി. മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ബിജെപിയെ പേടിച്ച് പാർട്ടി പതാക ഒളിപ്പിക്കുകയാണ്. കൊടിപിടിച്ച ലീഗുകാരെ കോണ്‍ഗ്രസ് തല്ലുകയാണ്. സിഎഎ വിഷയത്തിൽ പരസ്യം കൊടുത്ത പത്രം ലീഗ് കത്തിക്കുകയാണ്. വി ഡി സതീശന്റെ തലയ്ക്കു എന്തോ പറ്റിയിരിക്കുകയാണ്. പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യത വേണം. പ്രകടന പത്രികയിൽ പൗരത്വ ഭേദഗതിതെക്കുറിച്ച് ഇല്ലെന്നു ഞാൻ പറഞ്ഞു 

എന്നാൽ ആരോപണം ഉന്നയിച്ചയാളെ സതീശൻ കളിയാക്കി. തൃശൂർ പൂരം സംബന്ധിച്ച പരാതികൾ കിട്ടി. ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്ട്ട് നൽകാൻ പറഞ്ഞിട്ടുണ്ട്. പ്രശ്നം ഗൗരവമായാണ് കാണുന്നത്. തിരഞ്ഞെടുപ്പിന്‍റെ കുറ്റമറ്റതക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്ന് സംവിധാനങ്ങളുണ്ട്. വീട്ടിലെ വോട്ടിൽ ക്രമക്കേട് നടക്കാൻ പാടില്ല. ഇതിനെതിരെ കർശന നടപടി എടുക്കണം. ഫലപ്രദമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

സംവിധായകൻ ജോഷിയുടെ വീട്ടിലെ വൻ കവര്‍ച്ച; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് കര്‍ണാടകയിൽ നിന്ന്

 

.

Follow Us:
Download App:
  • android
  • ios