അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, 2011ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍, ലോകായുക്തയുടെ പ്രസക്തിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിച്ചു.
തിരുവനന്തപുരം: കേന്ദ്രത്തിലെ ലോക്പാല്‍ നിയമത്തിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടക്കുമ്പോള്‍ അതിന്‍റെ മുൻപന്തിയില്‍ ഉണ്ടായിരുന്നു അന്ന് എല്‍ഡിഎഫ്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, 2011ല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍, ലോകായുക്തയുടെ പ്രസക്തിയെക്കുറിച്ച് ഘോര ഘോരം പ്രസംഗിച്ചു. ഇന്ന് ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയതിന്റെ പശ്ചാത്തലത്തിൽ പിണറായിയുടെ പ്രസംഗം ചർച്ചയാവുകയാണ്.
കർണാടകയിലെ യെദിയൂരപ്പ രാജി വെച്ച് പോയത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. പല സംസ്ഥാനങ്ങളിലുള്ള ലോകായുക്തയുടെ പരിധിയിൽ മുഖ്യമന്ത്രി ഉൾപ്പെടുന്നുണ്ട്. ഒരു സംസ്ഥാനത്ത് ലോകായുക്തയുടെ പരിധിയിൽ മുഖ്യമന്ത്രി ഉൾപ്പെടാമെങ്കിൽ ദേശീയ തലത്തിൽ ലോക്പാലിന്റെ പരിധിയിൽ പ്രധാനമന്ത്രി ഉൾപ്പെടുന്നതിൽ എന്താണ് പ്രശ്നം. അത് ഭയപ്പെടലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പ്രസംഗിച്ചിരുന്നു. ലോക്പാല്‍ നിയമത്തിന്‍റെ പരിധിയില്‍ പ്രധാനമന്ത്രിയേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമാണ് എൽഡിഎഫ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനൻസ് കൊണ്ട് വന്നപ്പോള്‍ തന്നെ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ശക്തമായ വിയോജിപ്പ് ഉയര്‍ത്തിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഓര്‍ഡിനൻസിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി.
അതേസമയം, ലോകായുക്ത ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം വരുന്നത് അതിവേഗമെന്നതാണ് ശ്രദ്ധേയമാവുന്നത്. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അംഗീകാരം ലഭിച്ചത്. ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലിൽ രാഷ്ട്രപതി അനുകൂല നിലപാടെടുത്തത് സർക്കാരിന് വലിയ നേട്ടമാണ്. അതേസമയം മുഖ്യമന്ത്രിയെ രക്ഷിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലെ ഒത്തുകളിയാണെന്ന് പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുണ്ട്.
അഴിമതിക്കെതിരായ രാജ്യത്തെ ഏറ്റവും ശക്തമായ നിയമമായിരുന്ന കേരളത്തിലെ ലോകായുക്ത നിയമം. അതിൽ വെള്ളം ചേർക്കുന്ന ബില്ലിനാണ് ഇപ്പോൾ രാഷ്ട്രപതി അംഗീകാരം നൽകിയിരിക്കുന്നത്. 2023 നവംബർ 28 നാണ് സർക്കാരുമായുള്ള പോരിനിടെയാണ് ലോകായുക്ത ബിൽ ഉൾപ്പെടെ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഗവർണറുടെ അസാധാരണ നടപടി. സാധാരണ രാഷ്ട്രപതി ഭവന് വിട്ട ബില്ലുകൾ ഒന്നും രണ്ടും വർഷം തീരുമാനമാകാതെ കിടക്കാറുണ്ട്. എന്നാൽ ഈ തീരുമാനം മൂന്നു മാസത്തിനകമായിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ ലോക്പാൽ നിയമത്തിൽ സംസ്ഥാനങ്ങൾക്കും ലോകായുക്ത നിയമങ്ങളിൽ ഭേദഗതി വരുത്താമെന്ന വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് രാഷ്ട്രപതി തീരുമാനമെടുത്തതെന്നാണ് വിവരം.
നിലവിൽ ലോകായുക്തയുടെ പതിനാലാം വകുപ്പ് പ്രകാരം പൊതുപ്രവർത്തകർ അഴിമതി കാണിച്ചുവെന്ന് തെളിയുകയാണെങ്കിൽ പദവി ഒഴിയണമെന്നാണ് വ്യവസ്ഥ. ഇത് പ്രകാരമാണ് കെടി ജലീലിന്റെ മന്ത്രി സ്ഥാനം നഷ്ടമായത്. പുതിയ ഭേദഗതി വരുന്നതോടെ മുഖ്യമന്ത്രിക്ക് എതിരെ ലോകയുക്ത വിധി വന്നാൽ നിയമസഭക്ക് തള്ളാം. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കർക്കുമായിരിക്കും അധികാരം. രാഷ്ട്രപതിയുടെ തീരുമാനത്തെ ബിജെപി സിപിഎം കൂട്ടുകെട്ടാണെന്ന പ്രചാരണം ഉയർത്തിയായിരിക്കു പ്രതിപക്ഷം രാഷ്ട്രപതിയുടെ തീരുമാനത്തെ പ്രതിരോധിക്കുക. ഫെബ്രുവരി രണ്ടിനാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്.
ക്യാൻസർ വീണ്ടും വരുന്നത് തടയാൻ 100 രൂപയുടെ മരുന്ന്; 10 വർഷത്തെ ഗവേഷണം ഫലം കണ്ടതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
https://www.youtube.com/watch?v=Ko18SgceYX8
