ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ട്രെയിൻ സർവീസ് നടത്താനുള്ള തീരുമാനം അടക്കം ഈ യോഗത്തിൽ ചർച്ച ചെയ്യും. 

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന കേന്ദ്ര നിലപാടാണ് ട്രെയിൻ സർവീസ് ആരംഭിച്ചതിന് പിന്നിൽ. എന്നാൽ സ്ഥിതി ഗുരുതരമാണെന്നും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയാവും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സർവ്വീസുകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരേണ്ടത്.

ദില്ലിയിൽ തിരുവനന്തപുരം അടക്കം പതിനഞ്ച് നഗരങ്ങളിലേക്കാണ് പ്രത്യേക തീവണ്ടി സർവ്വീസുകൾ നാളെ തുടങ്ങുന്നത്. ബുക്കിംഗ് ഇന്ന് നാലു മണിക്ക് ഐർസിടിസി വെബ്സൈറ്റിൽ ലഭ്യമാകും. ഓൺലൈൻ വഴി മാത്രമാണ് ബുക്കിങ്.

50 ദിവസങ്ങൾക്ക് ശേഷമാണ് റെയിൽവെ വീണ്ടും സർവീസ് ആരംഭിക്കുന്നത്. എല്ലാ തീവണ്ടികളും ദില്ലിയിൽ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സർവ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്കുള്ള മടക്ക സർവ്വീസും ഉണ്ടാകും. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. രോഗലക്ഷണം ഇല്ലാത്തവരെ ട്രെയിനുകളിൽ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. 

ഐആർസിടിസി വെബ്സൈറ്റിൽ മാത്രമാകും ബുക്കിംഗ്. കൗണ്ടറുകൾ വഴി ബുക്കിംഗ് ലഭിക്കില്ല. ഒരു ദിവസം 300 ട്രെയിനുകൾ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളിൽ മടക്കി എത്തിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. 20,000 കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും ഇതിന് പുറമെയുള്ള കോച്ചുകൾ സർവ്വീസിന് ഉപയോഗിക്കാനും തീരുമാനമുണ്ട്.