വയനാട്: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് പ്രതിഭ മാത്രം പോരാ, ഭാഗ്യവും വേണമെന്നാണ് പൊതുധാരണ. അങ്ങനെയെങ്കില്‍ മഹാഭാഗ്യവാനായ ഒരു മിടുക്കനെ പരിചയപ്പെടുക. കഴിവാണ് മാനദണ്ഡമെങ്കില്‍ അസാധാരണ പ്രതിഭയാണ് ഇയാൾ.  

ഇനിയതല്ല ഭാഗ്യമാണ് മാനദണ്ഡമെങ്കില്‍ ബംപർ ഭാഗ്യശാലി. ഒന്നും രണ്ടുമല്ല, പത്ത് പി എസ് സി റാങ്ക് ലിസ്റ്റുകളിലുള്‍പെട്ട പുലി. സിവിൽ പൊലീസ് ഓഫീസർ മുതൽ ഫയർഫോഴ്സിൽ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ വരെ. അതും സ്വകാര്യ ബസോടിക്കല്‍ മുതല്‍ പല പണികള്‍ക്കിടയില്‍ കഷ്ടപ്പെട്ട് പഠിച്ച് ടെസ്റ്റുകളെഴുതി നേടിയ നേട്ടം.

നിയമന ശുപാര്‍ശ വരുന്ന മുറക്ക്, താത്പര്യമുളള വകുപ്പ് തിരഞ്ഞെടുത്ത്, ഒരിടത്ത് സെറ്റിലാവേണ്ട സമയമായി ഷിബിന്. അപ്രഖ്യാപിത നിയമന നിരോധനത്തിന്റെ വലയത്തില്‍ കുടുങ്ങിപ്പോയ ഷിബിന്‍ സ്വകാര്യബസിന്റെ വളയത്തില്‍ മുറുകെപ്പിടിച്ച് ജീവിതസമരവഴിയിലായിരുന്നു. കൊവിഡെത്തിയതോടെ ഓട്ടം നിന്നു.

ഒരു വർഷം മാത്രം കാലവധി ഉള്ള ഫയർമാൻ ഡ്രൈവർ കം പന്പ് ഓപ്പറേറ്റർ റാങ്ക് ലിസ്റ്റിലാണ് ഷിബിന്‍റെ പ്രതീക്ഷയത്രയും. റാങ്ക് ലിസ്റ്റില്‍ മുപ്പത്തിയൊന്നാമനാണ്. എന്നാൽ 10 മാസം പിന്നിട്ടിട്ടും ഈ പട്ടികയിൽ നിന്ന് ഒരു നിയമനം പോലും നടന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.