മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ആശങ്ക അറിയിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

തിരുവനന്തപുരം: ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നും പോലെ സർവീസ് നടത്തുന്നതിൽ ആശങ്കയുണ്ടെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. ഇക്കാര്യം മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അറിയിക്കും. നിയമത്തിലെ അവ്യക്തത നീക്കണമെന്ന് ആവശ്യപ്പെടും. റോബിൻ ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

അതേസമയം കഴിഞ്ഞ രണ്ടാഴ്ച്ചയായി ബസ് സർവീസുകളെ എംവിഡി ഉദ്യോഗസ്ഥർ അകാരണമായി ദ്രോഹിക്കുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തുകയാണെന്നും ബസുകളിൽ നിന്ന് 7,500 രൂപ മുതൽ 15,000 രൂപ വരെ പിഴ ഈടാക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചിരുന്നു. വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അനുകൂല നടപടി ഉണ്ടായിലെങ്കിൽ സമരവുമായി മുന്നോട്ട് പോകും. സംസ്ഥാന വ്യാപകമായി ബസ്സ് സർവീസുകൾ നിർത്തിവെയ്ക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിലവിലുള്ള കേസുകളിൽ കക്ഷി ചേരുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു; ബസ്സിൽ 50 പേർ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. 

ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...