തൃശൂർ: നിയന്ത്രണം നീക്കിയാലും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തില്ല. നിലവിലെ മാനദണ്ഡം പാലിച്ച് ബസുകൾ സർവീസ് നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് ബസ് ഉടമകളുടെ വാദം. തൊഴിലാളികളുടെ കൂലി ഉള്‍പ്പടെ സർക്കാർ സഹായം ലഭിച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ കുറച്ചു സർവീസ് നടത്തുന്നത് ആലോചിക്കും എന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. 

സംസ്ഥാനത്ത് തിങ്കളാഴ്ചയ്ക്ക് ശേഷം സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റില്‍ ഒരാള്‍ക്ക് മാത്രമെ ഇരിക്കാനാകൂ. നിന്ന് യാത്ര ചെയ്യുന്നതും അനുവദിക്കില്ല എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതുമൂലം പരമാവധി 15 പേര്‍ക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂ. ഈ മാനദണ്ഡങ്ങളോടെ സര്‍വ്വീസ് നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ബസ് ഉടമകളുടെ വാദം.

സംസ്ഥാനത്ത് ആകെ 12000 സ്വകാര്യ ബസുകളാണ് സര്‍വ്വീസ്നടത്തുന്നത്. ലോക്ക് ഡൗണ്‍ മൂലം പ്രതിദിനം 10 കോടി രൂപയുടെ നഷ്ടാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താനാകില്ലെന്ന് കാണിച്ച് ഭൂരിഭാഗം ബസ് ഉടമകളും അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സര്‍വ്വീസ് നടത്താൻ നിര്‍ബന്ധം പിടിച്ചാല്‍ അതിന്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒന്നോ രണ്ടോ ബസ് മാത്രം ഉള്ളവരെയാണ് ഇത് ഏറെ ബാധിക്കുക. അനുകൂലമായ തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകള്‍.