കോഴിക്കോട്: രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രി അടച്ചു. കൊയിലാണ്ടി കൊല്ലത്തെ അശ്വനി ആശുപത്രിയാണ് അടച്ചത്. അശ്വനി ആശുപത്രിയിൽ  ചികിത്സയിലായിരുന്ന ആൾക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ആശുപത്രി അടച്ചത്. 

അതേസമയം കോഴിക്കോട് കുന്ദമംഗലം കെഎസ്ഇബിയിലെ കരാർ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന അറുപതോളം കരാർ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം രോഗം ഉണ്ടെന്ന് സംശയിക്കുന്നവർക്കായി കുന്ദമംഗലം പഞ്ചായത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ ശ്രവം നൽകിയത്. പരിശോധനഫലം വരുന്നതിന് മുമ്പ് ഇയാൾ നാട്ടിലേക്ക് പോവുകയായിരുന്നു.