കാരുണ്യ പദ്ധതിയിൽ നിന്ന് ആശുപത്രികൾ പിന്മാറില്ല: തീരുമാനം പിൻവലിച്ചു
രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് സ്വകാര്യ ആശുപത്രികൾക്ക് ഉറപ്പ് കിട്ടി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറില്ല. പിന്മാറാനുള്ള തീരുമാനം സ്വകാര്യ ആശുപത്രികൾ പിൻവലിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർക്കാമെന്ന് ഉറപ്പ് കിട്ടിയെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കി.
രണ്ട് മാസത്തിനുള്ളിൽ കുടിശ്ശിക തീർത്തില്ലെങ്കിൽ സമരം തുടങ്ങുമെന്ന് അസോസിയേഷൻ അറിയിച്ചു. ഒക്ടോബർ 1 മുതൽ പദ്ധതിയിൽ നിന്ന് പിന്മാറാനായിരുന്നു സ്വകാര്യ ആശുപത്രികളുടെ തീരുമാനം. 300 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ളത്. പ്രതിസന്ധി മറികടക്കാൻ 104 കോടി സർക്കാർ അടിയന്തിരമായി അനുവദിച്ചിരുന്നു.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്