കോഴിക്കോട്: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തുടങ്ങാനായി  ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികളുടെ സഹായവും തേടുന്നു. ലക്ഷണമില്ലാത്ത രോഗികള്‍ക്ക് നിശ്ചിത ഫീസ് ഇടാക്കിയാകും ചികില്‍സ നല്‍കുക.  5000 രൂപ മുതല്‍ 7000രൂപ വരെയാണ് സ്വകാര്യ ആശുപത്രികളിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലെ നിരക്ക്.

ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കായി പത്ത് ദിവസത്തിനകം 50000 കിടക്കകള്‍ സജ്ജമാക്കുകയെന്ന ലക്ഷ്യം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി വിവിധ ജില്ലാ ഭരണകൂടങ്ങള്‍ സ്വകാര്യ ആശുപത്രികളുടെ സഹായം തേടുന്നത്. കോഴിക്കോട്ടെ പ്രധാന സ്വകാര്യ ആശുപത്രികള്‍ ഇതിനുളള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 10 സ്വകാര്യ ആശുപത്രികളോടായി 1000കിടക്കകള്‍ സജ്ജമാക്കാനാണ് ജില്ലാ കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശം. 

ആശുപത്രിയില്‍ നിന്ന് മാറി മറ്റൊരു കേന്ദ്രത്തിലാകും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുക. കാറ്റഗറി എ വിഭാഗത്തിലുളള കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ക്കാണ് ഇവിടെ ചികില്‍സ നല്‍കുക. പ്രാഥമിക ചികില്‍സയും ഭക്ഷണവും ഇവിടെ കിട്ടും. ഒരു പ്രമുഖ സ്വകാര്യ ആശുപത്രി തയ്യാറാക്കിയ കണക്കനുസരിച്ച് അയ്യായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിലെ പ്രതിദിന ഫീസ് . ആശുപത്രിയില്‍ നിന്ന് മാറിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളെങ്കില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം കിട്ടില്ല. അതേസമയം ആശുപത്രികള്‍ക്കുളളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍ര് സെന്‍ററുകളെങ്കില്‍  കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെയടക്കം പരിരക്ഷ കിട്ടുകയും ചെയ്യും. 

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കൊപ്പം പ്രായമായവര്‍ക്കും മറ്റു രോഗങ്ങള്‍ ഉളളവര്‍ക്കുമായി റിവേഴ്സ് ക്വാറന്‍റീന്‍ സെന്‍ററുകളും പഞ്ചായത്ത് തോറും തുടങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും ഈ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.  അതേസമയം,  പണം നല്‍കി റിവേഴ്സ് ക്വാറന്‍റീന്‍ സൗകര്യം ഒരുക്കാനുളള നടപടികള്‍ സ്വകാര്യ മേഖലയില്‍ പലയിടത്തും തുടങ്ങിയിട്ടുമുണ്ട്.

Read Also: കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ; നടപടിക്ക് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി...