കൊച്ചി: മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാൻ ഹൈക്കോടതി നി‍ർദേശം നൽകി. നിലവിൽ നിലയ്ക്കലിൽ ഇറങ്ങിയശേഷം  കെഎസ്ആർടിസി ബസിലാണ് തീർഥാടകർ പമ്പയിലേക്ക് പോകുന്നത്.

പ്രൈവറ്റ് സ്റ്റേജ് ക്യാരിയേഴ്സ് ഒഴികെ എല്ലാ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടണമെന്നാണ്  ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. എന്നാൽ ബേസ് ക്യാംപ് നിലയ്ക്കലിൽ ആയതിനാൽ തീർഥാടകരെ പമ്പയിൽ ഇറക്കിയശേഷം സ്വാകാര്യ വാഹനങ്ങൾ തിരികെ നിലയ്ക്കലിലെത്തി പാർക്ക് ചെയ്യണം.  

പമ്പയിലേക്ക്പോകുന്ന വാഹനങ്ങൾ തടയാൻ സർക്കാരിന് ആകില്ലെന്നും നിയന്ത്രിക്കാൻ മാത്രമാണ് അവകാശമുളളതെന്നും അഭിഭാഷക കമ്മീഷന്‍റെ റിപ്പോർട്ട് പരിഗണിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.