Asianet News MalayalamAsianet News Malayalam

പരാതിയും പ്രതിഷേധവും കണക്കിലെടുത്തില്ല; കണ്ണൂര്‍ സര്‍വകലാശാലയിൽ കെ കെ രാഗേഷിന്‍റ ഭാര്യയെ തന്നെ നിയമിക്കും

അഭിമുഖത്തിൽ ഒന്നാം റാങ്ക് പ്രിയക്ക് ലഭിച്ചതോടെയാണ് നടപടി. പ്രിയയ്ക്ക് മതിയായ യോ​ഗ്യതയില്ലെന്ന പരാതിയും പ്രതിഷേധവും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം.

Priya Varghese will be appointed Associate Professor post in Kannur university
Author
Kannur, First Published Nov 19, 2021, 5:14 PM IST

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ (pinarayi vijayan) പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റ ഭാര്യ പ്രിയാ വർ​ഗീസിനെ തന്നെ കണ്ണൂര്‍ സര്‍വകലാശാലയില്‍ (Kannur University) അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കും. അഭിമുഖത്തിൽ ഒന്നാം റാങ്ക് പ്രിയക്ക് ലഭിച്ചതോടെയാണ് നടപടി. പ്രിയയ്ക്ക് മതിയായ യോ​ഗ്യതയില്ലെന്ന പരാതിയും പ്രതിഷേധവും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. അഭിമുഖത്തിൽ രണ്ടാം സ്ഥാനം എസ്ബു കോളേജ് എച്ച്ഒഡി ജോസഫ് സ്കറിയയ്ക്കാണ്. ഇനി ചേരുന്ന സിൻഡിക്കേറ്റ് യോ​ഗത്തിന് ശേഷമായിരിക്കും ഔ​​ദ്യോ​ഗിക പ്രഖ്യാപനം.

യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം ഇല്ലെന്നാണ് പ്രിയയ്ക്കെതിരായ പ്രധാന ആക്ഷേപം. അപേക്ഷ സ്വീകരിച്ചതിൻ്റെ പിറ്റേ ദിവസം തന്നെ തിരക്കിട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും പരാതിയുണ്ട്. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നു.

2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻ്റ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ്  പി.എച്ച്.ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം  അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. പ്രിയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ്.

ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉളളതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. ശരിയായ യോഗ്യത ഇല്ലെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും എന്നിരിക്കെ പ്രിയാ വര്‍ഗീസിനെയും ഉള്‍പ്പെടുത്തി സര്‍വകലാശാല തിടുക്കപ്പെട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടടുത്ത ദിവസം തന്നെ സര്‍വകലാശാല സ്ക്രീനിംഗ് കമ്മിറ്റി കൂടി പ്രിയാ വര്‍ഗീസിനേയും ഉള്‍പ്പെടുത്തി അഭിമുഖത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി നിയമന നീക്കത്തിനെതിരെ ഗവ‍ർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല സെനറ്റ് ആർ കെ ബിജു വിസിക്ക് പരാതി നൽകുകയും ചെയ്തു. അതേ സമയം തനിക്ക് മതിയായ യോഗ്യതയുണ്ടെന്ന് പ്രിയാ വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios