പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കർഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകൾ മിരായയും എത്തിയത്.

കല്‍പ്പറ്റ: പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കർഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകൾ മിരായയും എത്തിയത്. സ്ഥിരമുള്ള ചുരുക്കം സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം ഒപ്പം കൂട്ടിയായിരുന്നു പ്രിയങ്കയുടെ സന്ദർശനം. കൃഷിയിടം ചുറ്റിക്കണ്ട പ്രിയങ്കയും മകളും ജോണിയുടെ വീട്ടിൽ നിന്ന് ചേമ്പ് പുഴുങ്ങിയതും പപ്പായയും കഴിച്ചാണ് മടങ്ങിയത്. അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷവും ജോണിയും കുടുംബവും പങ്കുവെച്ചു.

സര്‍പ്രൈസായിട്ടായിരുന്നു വന്നതെന്നും കൃഷിയും കാര്യങ്ങളുമൊക്കെ ചോദിച്ചറിഞ്ഞുവെന്നും ജോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാപ്പി, കുരുമുളക്, ഏലം, വാഴ, അവക്കാഡോ തുടങ്ങിവയെല്ലാം കാണിച്ചുകൊടുത്തുവെന്നും ജോണിയുടെ ഭാര്യ പറഞ്ഞു. ചേമ്പു പുഴുക്കും ചക്കയും പപ്പായയുമെല്ലാം കഴിക്കാൻ നൽകി.

ഇതിനിടെ, മരിച്ച കോണ്‍ഗ്രസ് നേതാവ് എൻഎം വിജയന്‍റെ കുടുംബം പ്രിയങ്ക ഗാന്ധിയെ കാണും. കോൺഗ്രസ് വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം കിട്ടിയില്ലെന്ന് കാര്യം പ്രിയങ്കയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇത് സംബന്ധിച്ച് നിവേദനവും നൽകും. പ്രിയങ്കയെ കാണാൻ അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് മകനും മരുമകളും പറഞ്ഞു. സുൽത്താൻ ബത്തേരിയിലെ വനംവകുപ്പ് ഓഫീസിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രിയങ്ക എത്തുമ്പോൾ കാണാനാണ് കുടുംബം കാത്തുനിൽക്കുന്നത്. 

YouTube video player