പിഴയീടാക്കാൻ പൊലീസിന് അവസരമൊരുക്കുന്നവയാണ് നിർദേശങ്ങൾ. എല്ലാം തുറക്കുമ്പോൾ നിയന്ത്രിക്കാൻ ഇതുമാത്രം വഴിയെന്നാണ് സർക്കാരിന്റെ വിശദീകരണം. വാക്സിനെടുത്തവർ കൂടുതൽ സുരക്ഷിതരെന്നും സർക്കാർ വാദിക്കുന്നു.
തിരുവനന്തപുരം: രണ്ടാഴ്ച്ച മുമ്പെങ്കിലും വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, ഒരു മാസം മുൻപ് കൊവിഡ് വന്ന് ഭേദമായ സർട്ടിഫിക്കറ്റ്, ഇതുമല്ലെങ്കിൽ 3 ദിവസത്തിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്. അന്താരാഷ്ട്ര യാത്രയ്ക്കല്ല, കേരളത്തിൽ അത്യാവശ്യത്തിന് മീനോ, പാലോ വാങ്ങാൻ വാങ്ങാൻ കടയിൽപ്പോകുന്നവർ കരുതേണ്ടതാണ് ഇതൊക്കെ. ഇന്നലെ ഈ നിർദേശം വന്നത് മുതൽ ഈ സമയം വരെ ട്രോൾമഴ തീർന്നിട്ടില്ല.

എന്താണ് ഈ നിർദ്ദേശങ്ങളിലെ പ്രശ്നം. ഒരോന്നായി പരിശോധിക്കാം.
1) വാക്സിൻ സർട്ടിഫിക്കറ്റ്
18നും 44നും ഇടയിൽ 28 ശതമാനത്തിനേ ആദ്യ ഡോസ് വാക്സിനെത്തിയിട്ടുള്ളു. മൊത്തം ജനസംഖ്യയിൽ 44 ശതമാനവും ആദ്യ ഡോസ് കിട്ടാത്തവരാണ്. വാക്സിനെടുക്കാൻ ആളുകൾ തയാറാവാത്തതല്ല, വാക്സിനില്ലാത്തതാണ് പ്രശ്നം.
2) 72 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ്
സർട്ടിഫിക്കറ്റിന് മൂന്ന് ദിവസം മാത്രമാണ് കാലാവധി പറഞ്ഞിരിക്കുന്നത്. സ്വകാര്യ ലാബിൽ പരിശോധനയ്ക്ക് 500 രൂപ രൂപ വരെ ചെലവാവും.
3) കൊവിഡ് ഭേദമായ സർട്ടിഫിക്കറ്റ്
ഐസിഎംആർ പഠനം അനുസരിച്ച് സംസ്ഥാനത്ത് പരിശോധിക്കാതെ പോസിറ്റീവായവർ നിരവധിയാണ്. രോഗമുക്തി രേഖയ്ക്ക് വലിയ പ്രധാന്യമില്ലാത്തതിനാൽ ഇത് സൂക്ഷിക്കാത്തവരും നിരവധി. രേഖ കിട്ടാൻ എവിടെ പോകണം?
വിമർശനം, വിശദീകരണം
വാക്സിനെടുത്തവർക്കും രോഗം വരാം. നൂറ് ശതമാനം വാക്സിനേഷൻ പൂർത്തിയായ ആരോഗ്യപ്രവർത്തകരടക്കം വീണ്ടും കൊവിഡ് ബാധിതരാകുന്നുണ്ട്. രോഗം ഗുരുതരമാകില്ല പക്ഷെ, വാക്സിനെടുത്തവർ രോഗവാഹകരാവാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. രോഗം വന്ന് ഭേേദമായവർക്കും, നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും രോഗം വരാം. രോഗവാഹകരാവാം. വീട്ടിലിരിക്കുന്നവരിലേക്ക് രോഗമെത്താം.
പിഴയീടാക്കാൻ പൊലീസിന് അവസരമൊരുക്കുന്നവയാണ് നിർദേശങ്ങൾ. എല്ലാം തുറക്കുമ്പോൾ നിയന്ത്രിക്കാൻ ഇതുമാത്രം വഴിയെന്നാണ് സർക്കാരിന്റെ വിശദീകരണം. വാക്സിനെടുത്തവർ കൂടുതൽ സുരക്ഷിതരെന്നും സർക്കാർ വാദിക്കുന്നു. സംഭവം നടപ്പിലായി ആദ്യദിനമാണിന്ന്. കാര്യമായ പരാതി എവിടെയും ഇല്ല. പക്ഷേ പ്രശ്നം, താഴേത്തട്ടിൽ പൊലീസ് കയറിവന്ന് പെട്ടെന്ന് ഇതങ്ങ് കടുപ്പിച്ചാൽ എന്തു ചെയ്യുമെന്നതാണ്. ഇനി ഇതൊന്നുമല്ല ജനങ്ങൾക്കറിയാവുന്നത് പോലെ ഇത് പൂർണമായി നടപ്പാക്കാനാകില്ലെന്ന ബോധ്യത്തോടെ തന്നെയാണ് സർക്കാരും ഈ മാർഗനിർദേശം ഇറക്കിയിരിക്കുന്നത് എന്നാണോ? വ്യക്തത വരേണ്ടതുണ്ട്.
