Asianet News MalayalamAsianet News Malayalam

നെല്ല് സംഭരണം ചൊവ്വാഴ്ച മുതൽ; പ്രതിസന്ധി നീക്കാൻ മന്ത്രിയുടെ ഇടപെടൽ, സഹകരണസംഘങ്ങൾ നെല്ലെടുക്കും

സഹകരണ സംഘങ്ങളും ആയി തിങ്കളാഴ്ച കരാറിലേർപ്പെടുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചു. ജില്ലയിലെ 35 സഹകരണ സംഘങ്ങളാണ് സന്നദ്ധത അറിയിച്ചത്.

procurement of paddy palakkad will start on tuesday
Author
Palakkad, First Published Oct 17, 2020, 2:36 PM IST

പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ല് സംഭരണ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകുന്നു. സഹകരണ സംഘങ്ങൾ വഴി ചൊവ്വാഴ്ച മുതൽ സംഭരണം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. സംഭരണം നടക്കാത്തതുമൂലം കർഷകർ പ്രതിസന്ധിയിലായതോടെയാണ്  മന്ത്രി പാലക്കാട്ടെത്തി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്

ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇക്കുറി ഒന്നാംവിള നെല്ല് സംഭരണത്തിന് രൂപരേഖയാകുന്നത്. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കുമെന്ന പ്രഖ്യാപനം രണ്ടാഴ്ചയായിട്ടും നടപ്പായിരുന്നില്ല. കൊയ്തെടുത്ത നെല്ല് നശിച്ചുതുടങ്ങിയെന്ന കർഷകരുടെ നിരന്തര പരാതിയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.  ജില്ലകളക്ടർ, സപ്ലൈകോ ഉദ്യോഗസ്ഥർ, സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ, സഹ.സംഘം പ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. നിലവിൽ ജില്ലയിലെ 35 സഹകരണ സംഘങ്ങൾ ആണ് സംഭരണത്തിന് മുന്നോട്ടുവന്നിരിക്കുന്നത്. സംഭരണ ശാലകളില്ലാത്ത സഹകരണ സംഘങ്ങൾ ഇതിനായി സ്ഥലം വാടകയ്ക്ക് എടുക്കാനും തീരുമാനമായി. സപ്ലൈകോ ഇവരുമായി തിങ്കളാഴ്ച കരാറിലേർപ്പെടും. ചൊവ്വാഴ്ച മുതൽ നെല്ലെടുത്ത് തുടങ്ങും.

ഒരുലക്ഷം ടൺ സംഭരിക്കേണ്ടിവരുമെന്നാണ് കണക്ക്. നിലവിൽ സംഭരിച്ചത് 2000 ടണിൽ താഴെ മാത്രം. 2018 ലെ പ്രളയക്കെടുതിയിൽ സംഭവിച്ച നഷ്ടം സർക്കാർ നികത്തണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ മില്ലുടമകൾ സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ എല്ലാ കുടിശ്ശികയും കൊടുത്തുതീർത്തെന്ന് മന്ത്രി ആവർത്തിച്ചു. നിലവിൽ അഞ്ച് സ്വകാര്യമില്ലുകളാണ് സർക്കാരുമായി സഹകരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ മില്ലുകൾ സംഭരണത്തിനെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

Follow Us:
Download App:
  • android
  • ios