ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ മത്സ്യ മാർക്കറ്റ് അടച്ചിടാനും നിർദ്ദേശമുണ്ട്. സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും കണ്ടത്തി ക്വാറൻ്റീനിൽ പാർപ്പിക്കാൻ പൊലീസിനും നിർദ്ദേശം നൽകി.

കോഴിക്കോട്: രാവിലെയുണ്ടായ ലീ​ഗ്-സിപിഎം സംഘർഷത്തെത്തുടർന്ന് പേരാമ്പ്ര മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ മത്സ്യ മാർക്കറ്റ് അടച്ചിടാനും നിർദ്ദേശമുണ്ട്. സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി ക്വാറൻ്റീനിൽ പാർപ്പിക്കാൻ പൊലീസിനും നിർദ്ദേശം നൽകി.

Add Asianetnews as a Preferred SourcegooglePreferred

രോഗവ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ നേരത്തെ അറിയിച്ചിരുന്നു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലർത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

മീന്‍വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേർന്ന അഞ്ച് പേര്‍ പുലർച്ചെ മത്സ്യവിൽപനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇവരെ ലീഗ് പ്രവർത്തകര്‍ മീന്‍ വില്‍ക്കാന്‍ അനുവദിച്ചില്ല.

തുടര്‍ന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവർത്തകര്‍ കൂട്ടമായെത്തി മാർക്കറ്റിലുള്ളവരെ മർദ്ദിക്കുകയായിരുന്നു. ലീഗ് പ്രവർത്തകരും തിരിച്ചടിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഘർഷസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പ്രദേശം പൊലീസ് നിരീക്ഷണത്തിലാണ്. ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.