കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ ഇന്ന് വൈകിട്ടാണ് കഴിഞ്ഞത്. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം.
ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ (Alappuzha Double Murder) പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. മറ്റന്നാൾ ( ബുധനാഴ്ച) രാവിലെ ആറുമണി വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. രണ്ടുദിവസത്തേക്കായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ബിജെപി ഉയർത്തിയ എതിർപ്പിനെ തുടർന്ന് ഇന്ന് നടക്കാനിരുന്ന സർവകക്ഷി സമാധാനയോഗം നാളേക്ക് മാറ്റിയിരുന്നു. രൺജിത്ത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിന്‍റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. നാളത്തെ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ ഇന്ന് വൈകിട്ടാണ് കഴിഞ്ഞത്. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ പത്തരയോടെയാണ് രൺജിത്തിന്‍റെ പോസ്റ്റ്മോർട്ടം അവസാനിച്ചത്. തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതു ദർശനം. വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴിക്കലിലുള്ള രൺജിത്തിന്‍റെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ച ശേഷം മൃതദേഹം ചിതയിലേക്ക്. സഹോദരൻ അഭിജിത്ത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തി.
മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്നായിരുന്നു ബിജെപിയുടെ വിമർശനം. കൂടിയാലോചനകൾ ഇല്ലാതെ കലക്ടർ സമയം തീരുമാനിച്ചുവെന്നാണ് ബിജെപി ആരോപണം. യോഗത്തിന് എത്തില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചതോടെ മൂന്ന് മണിയിൽ നിന്ന്
സമയം അഞ്ചിലേക്ക് സമയം മാറ്റി. പക്ഷെ ബിജെപി സംസ്ഥാന അധ്യക്ഷൻ എതിർപ്പ് പരസ്യമാക്കിയതോടെ ആകെ ആശയക്കുഴപ്പമായി.
എന്നാൽ എല്ലാവരും പങ്കെടുക്കണമെന്ന് കളക്ടർ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ടും ബിജെപി വഴങ്ങാതെ വന്നതോടെയാണ് യോഗം നാളേക്ക് മാറ്റിയത്. സമയം നാളെ വൈകിട്ട് നാല് മണിയിലേക്ക് നിശ്ചയിച്ചതോടെ യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു.
ഇതിനെല്ലാം പിന്നാലെയാണ് നിരോധനാജ്ഞ നീട്ടാനുള്ള തീരുമാനം വരുന്നത്.
